ADVERTISEMENT

തൃശൂർ∙ കലകളുടെയും വാദ്യമേളങ്ങളുടെയും നാടായിട്ടും കാൽനൂറ്റാണ്ടുകാലം അകന്നു നിന്ന സ്വർണക്കപ്പ് തൃശൂരിലെത്തിക്കാൻ  ടീം ആവിഷ്കരിച്ചത് ‘അർമാദം’ എന്ന തന്ത്രം!മത്സരിക്കാൻ പോകുകയാണെന്ന മനോഭാവത്തിൽ നിന്നു കുട്ടികളെ പൂർണമായി മോചിപ്പിക്കുകയും മാസങ്ങൾ നീണ്ട പരിശീലനം നൽകിയ ശേഷം സ്റ്റേജിൽ കയറി ആഘോഷിക്കാൻ ശീലിപ്പിക്കുകയും ചെയ്തിടത്താണു തൃശൂരിന്റെ കിരീടനേട്ടം.മത്സര മനോഭാവം ജില്ലാതലം വരെ മതിയെന്നും സംസ്ഥാന വേദിയിൽ ‘അർമാദിച്ചാൽ’ മതിയെന്നുമായിരുന്നു അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കു നൽകിയ വിജയമന്ത്രം.ആശങ്കയോ പേടിയോ കൂടാതെ വേദിയിലെത്തിയ കുട്ടികൾ ‘സ്ട്രാറ്റജി’ വിജയകരമായി നടപ്പാക്കിയപ്പോൾ കിരീടം തൃശൂരിനു സ്വന്തം.സ്വർണക്കപ്പ് നേട‍ുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഉപഡയറക്ടർ അജിത കുമാരിയുടെ നേതൃത്വത്തിൽ ജൂൺ മുതൽ തന്നെ ഓരോ സ്കൂളിലും കലോൽസവ പരിശീലനം ആരംഭിച്ചിരുന്നു.

സ്കൂൾതല കലോത്സവത്തിനു ശേഷം ഓരോ ഉപജില്ല കേന്ദ്രീകരിച്ചായി  ഒരുക്കങ്ങൾ.ജില്ലാ കലോത്സവത്തിൽ വിജയിച്ചു സംസ്ഥാന തലത്തിലേക്കു യോഗ്യത നേടിയ എണ്ണൂറിലേറെ കുട്ടികളെ മൂന്നു ബാച്ചുകളായി വിളിച്ചുവരുത്തി ‘മോട്ടിവേഷൻ ക്ലാസ്’ നൽകി.പ്രഫഷനൽ ആയ ഗൈഡുകളെയാണ് ഇതിനു വേണ്ടി വിളിച്ചുവരുത്തിയത്.തിരുവനന്തപുരത്തെത്തിയ ഓരോ കുട്ടിക്കൊപ്പവും അവരുടെ അധ്യാപകരും പിടിഎ പ്രതിനിധികളും പ്രചോദനവുമായെത്തി.സംഘയിനങ്ങളിലെ മികവാകും കിരീടം നേടാൻ ഉപകരിക്കുകയെന്നു മനസ്സിലാക്കി വ്യക്തിഗത ഇനങ്ങളേക്കാൾ കൂടുതൽ പരിശീലനവും പ്രാധാന്യവും ഇവയ്ക്കു നൽകി.ജില്ലയ്ക്കു ലഭിച്ച എ ഗ്രേഡുകളിലേറെയും ഇങ്ങനെ വന്നതാണ്.

കലോൽസവത്തിൽ ജില്ലയുടെ മുന്നേറ്റം കണ്ടു സ്വയം പ്രചോദിതനായി കലക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ടെത്തുകയും ചെയ്തതോടെ ആവേശം വാനോളമായി.കലോത്സവത്തിന്റെ രണ്ടാംദിനം തന്നെ തൃശൂർ ഒന്നാംസ്ഥാനത്തേക്കുയർന്നിരുന്നു.പോരാട്ടം കടുത്ത ചില സമയങ്ങളിൽ രണ്ടാം സ്ഥാനത്തേക്കിറങ്ങിയതൊഴിച്ചാൽ ഏറെക്കുറെ പൂർണ മേധാവിത്തം.കേരളനടനത്തിൽ ജില്ലയ്ക്കു പ്രതിനിധിയില്ല എന്നതിനാൽ പോയിന്റ് നിലയിൽ താഴേക്കിറങ്ങ‍ാനിടയുണ്ടെന്നും ആശങ്ക വേണ്ടെന്നും അധ്യാപകരായ വി.എം.റ‍ിയാസും അസ്ഹറും ബിനോയിയും അടക്കമുള്ളവർ കുട്ടികളെ ബോധ്യപ്പെടുത്തി.ട്രിപ്പിൾ ജാസിലെ റിസൽട്ട് വരുമ്പോൾ മുകളിലേക്കു കയറുമെന്നും ബോധ്യപ്പെടുത്തി.ഈ തന്ത്രം കൃത്യമായി വിജയം കണ്ടു.

English Summary:

Armadam, a unique strategy, guided Thrissur to reclaim the gold cup in the prestigious Kalolsavam festival after a 25-year hiatus. Focused training and motivation classes for children were instrumental in this victory as the emphasis shifted from competition to celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com