അൽപം ആശ്വാസം: 2 പേർക്ക് രോഗമുക്തി, പുതിയ പോസിറ്റീവ് കേസുകളില്ല
Mail This Article
കൽപറ്റ ∙ രോഗ സ്ഥിരീകരണമില്ലാതെയും 2 പേർ രോഗമുക്തി നേടിയും വയനാടിന് ഇന്നലെ ആശ്വാസദിനം. നേരത്തെ രോഗബാധിതനായ ലോറി ഡ്രൈവറുടെ മാതാവ്(85), ക്ലീനറുടെ മകൻ(20) എന്നിവർക്കാണു രോഗം ഭേദമായത്. വീട്ടിലുള്ളവരെല്ലാം കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ 85 വയസ്സുകാരി ആശുപത്രിയിലെ പേ വാർഡിൽ തന്നെ കഴിയുകയാണ്. 20കാരൻ ആശുപത്രി വിട്ടു. നിലവിൽ 17 പേരാണു കോവിഡ് ബാധിച്ച് വയനാട്ടിൽ ചികിത്സയിലുള്ളത്.
തവിഞ്ഞാൽ പഞ്ചായത്തും ഹോട്സ്പോട്ട്
കൽപറ്റ ∙ ജില്ലയിൽ 4 തദ്ദേശസ്ഥാപനങ്ങൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചതിനു പുറമേ ഇന്നലെ തവിഞ്ഞാൽ പഞ്ചായത്തും ഹോട്സ്പോട്ടായി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണുകളാക്കി. മീനങ്ങാടി പഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാർഡുകളും തച്ചമ്പാട്ട് കോളനിയും കണ്ടെയ്ൻമെന്റ് സോണുകളാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡും, നെന്മേനി പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളും അമ്പലവയൽ പഞ്ചായത്തിലെ മാങ്ങാട്ട് കോളനിയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും അല്ലാതുള്ള പാതകളെല്ലാം അടയ്ക്കും.
മജിസ്റ്റീരിയൽ ചുമതല നൽകി
ബത്തേരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മജിസ്റ്റീരിയൽ ചുമതല എഡിഎം തങ്കച്ചൻ ആന്റണിക്കും മാനന്തവാടി താലൂക്കിലെ ചുമതല ഡപ്യൂട്ടി കലക്ടര്‍ ഇ.മുഹമ്മദ് യൂസഫിനും നൽകി. ആവശ്യം വന്നാൽ കൽപറ്റയിലെ ചുമതല ഡപ്യൂട്ടി കലക്ടർ കെ.അജീഷിന് നൽകും.
രോഗവ്യാപനത്തിനെതിരെ ജനം സ്വയം ജാഗ്രതയിലാകണം.അറിയിച്ചു. എല്ലാ കണ്ടെയ്ൻമെന്റ് സോണിലും ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും. ആരോഗ്യ പ്രവർത്തകരും ജാഗ്രതാ സമിതിയുടം വീടുകൾ സന്ദർശിക്കും. മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുകയാണ്. ഹോം ക്വാറന്റീൻ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, റൂം ക്വാറന്റീൻ തുടങ്ങിയ നിരീക്ഷണത്തിൽ ഉള്ളവർ ആരോഗ്യ സേതു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. തവിഞ്ഞാൽ, തൊണ്ടർനാട്, മാനന്തവാടി ടൗൺ പരിസരത്തുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. കലക്ടർ ഡോ. അദീല അബ്ദുല്ല
സർവൈലൻസ് ശക്തിപ്പെടുത്തും
സർവൈലൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ല കൺട്രോൾ റൂമിൽ ലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ്, കോവിഡ് ഇതര രോഗങ്ങളുടെ സർവൈലൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനി, വയറിളക്കം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ആരോഗ്യ സേനയുടെ പ്രവർത്തനം ഊർജിതപ്പെടുത്തും. 20 വീടുകൾക്ക് ഒന്നു വീതം ആരോഗ്യ പ്രവർത്തകരെ വിന്യസിക്കും. 10 പ്രവർത്തകർക്ക് ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്ന തോതിൽ സന്നദ്ധ പ്രവർത്തകരെ നെഹ്‌റു യുവകേന്ദ്ര ഏർപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു.