ബത്തേരി തൊടുവട്ടി വാർഡിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്
Mail This Article
ബത്തേരി ∙ പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്നു വീണ്ടെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഫലം റദ്ദാക്കിയ തൊടുവട്ടി വാർഡിൽ ഇന്നു റീപോളിങ് നടക്കും. ഇന്നു രാവിലെ 7 മുതൽ ബത്തേരി മാർ ബസേലിയോസ് ബിഎഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള ബൂത്തിലാണ് വോട്ടെടുപ്പ്. ഇന്നു രാത്രി എട്ടിന് വോട്ടെണ്ണി ഫലപ്രഖ്യാപനവും ഉണ്ടാകും. ഇന്നലെ വാർഡിൽ ശക്തമായ നിശബ്ദ പ്രചരണം നടന്നു. മൂന്നു വോട്ടിങ് യന്ത്രങ്ങളിൽ ഒന്നു കേടായതിനെ തുടർന്നാണ് റീപോളിങ് വേണ്ടി വന്നത്. മറ്റു രണ്ടു യന്ത്രങ്ങളിലെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി 97 വോട്ടിന് മുൻപിലായിരുന്നു.
നഗരസഭയിൽ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയതിനാൽ ഇവിടുത്തെ ഫലം നിർണായകമല്ല. വിജയിച്ച എൽഡിഎഫ് അംഗങ്ങളെല്ലാം ഇന്നലെ ഇവിടെ പ്രചരണത്തിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളും സ്വതന്ത്ര സ്ഥാനാർഥിക്കു വേണ്ടി കർഷക മുന്നണി നേതാക്കളും ഇന്നലെ പ്രചരണത്തിനെത്തി. ഡിസംബർ 1 മുതൽ ഡിസംബർ 9ന് 4 വരെ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലായവർക്കും സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിനാൽ ഇന്ന് പോളിങ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യരുത്. ഡിസംബർ 9ന് 4ന് ശേഷം കോവിഡ് പോസിറ്റീവായവരോ ക്വാറന്റീനിലുള്ളവരോ 5ന് ശേഷം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യാം. വോട്ട് ചെയ്യാൻ പോകുന്നവർ നിർബന്ധമായും കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം.