പ്രസിഡന്റ് നറുക്കെടുപ്പ്: പനമരം ഇടത്തോട്ട്; വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്
Mail This Article
പനമരം∙ ഇരുമുന്നണികളും ഒപ്പത്തിനൊപ്പവും എൻഡിഎ ഒരു സീറ്റും നേടിയ പനമരത്ത് ഇനി എൽഡിഎഫ് ഭരിക്കും. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു.കൈതക്കൽ വാർഡിൽ സിപിഎം അംഗമായി മത്സരിച്ച് വിജയിച്ച പി.എം ആസ്യ (58) ഇന്നലെ രാവിലെ 11ന് നടന്ന നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്. ചെറുകാട്ടൂർ വാർഡിൽ നിന്ന് കോൺഗ്രസ് അംഗമായി വിജയിച്ച സിനോ പാറക്കാലയിൽ (39) ഉച്ചകഴിഞ്ഞ് 2 നു നടന്ന നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റുമായി.
23 വാർഡുള്ള പനമരത്ത് എൽഡിഎഫിനും യുഡിഎഫിനും 11 സീറ്റുകൾ വീതവും ഒരു സീറ്റിൽ എൻഡിഎക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. വോട്ടെടുപ്പിൽ ഇരു മുന്നണിക്കും തുല്യമായി വോട്ട് ചെയ്യുകയും എൻഡിഎ വിട്ടു നിൽക്കുകയും ചെയ്തതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. ജില്ലയിൽ കേവല ഭൂരിപക്ഷമില്ലാതെ തുല്യ നിലയിൽ സീറ്റ് ലഭിച്ച ഏക പഞ്ചായത്താണ് പനമരം.നറുക്കെടുപ്പിനു ശേഷം ഇരു മുന്നണികളും ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. 2018ൽ കൈതക്കൽ ഗവ. സ്കൂളിൽ നിന്ന് വിരമിച്ച ആസ്യ ടീച്ചേഴ്സ് ട്രെയ്നറായും നല്ലപാഠം കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. എസ്ഐ ഉസ്മാനാണ് ഭർത്താവ്.