മേപ്പാടി – ചൂരൽമല റോഡ് നവീകരണം: ഇന്നുയോഗം
Mail This Article
കൽപറ്റ ∙ മേപ്പാടി – ചൂരൽമല റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സി.കെ. ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നു യോഗം ചേരും. വൈകിട്ടു 3ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണു യോഗം. അതേസമയം, യോഗം ബഹിഷ്കരിക്കുമെന്ന് ആക്‌ഷൻ കമ്മിറ്റി അറിയിച്ചു. റോഡ് കടന്നുപോകുന്ന ഇടങ്ങളിലെ ജനപ്രതിനിധികളെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ 3 പേരെയും ഉൾപ്പെടുത്തിയാണു യോഗം ചേരാൻ തീരുമാനിച്ചത്. ജനപ്രതിനിധികളും യോഗത്തിൽ നിന്നു വിട്ടു നിൽക്കുമെന്നു സൂചനയുണ്ട്. റോഡ് നവീകരണം വിലയിരുത്താൻ എത്തിയ കിഫ്ബി പ്രതിനിധികളെയും പൊതുമരാമത്തു വകുപ്പ് അധികൃതരെയും കഴിഞ്ഞ 31ന് വഴിയിൽ തടഞ്ഞു നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ചൂരൽമലയിൽ യോഗം ചേർന്നു പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് അന്നു പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാൽ, മുന്നറിയിപ്പില്ലാതെ യോഗം കൽപറ്റയിലേക്കു മാറ്റുകയായിരുന്നെന്ന് ആക്‌ഷൻ കമ്മിറ്റി പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണു നടപടി. 2018 നവംബർ 9നു തുടങ്ങിയ പ്രവൃത്തി 2 വർഷം പിന്നിട്ടിട്ടും 25 ശതമാനം പോലും പൂർത്തിയായിട്ടില്ല. കിഫ്ബി അനുവദിച്ച 40.96 കോടി രൂപ ഉപയോഗിച്ചാണു നവീകരണം. മേപ്പാടി മുതൽ ചൂരൽമല വരെയുള്ള 12.8 കിലോമീറ്റർ ദൂരമാണു നവീകരിക്കേണ്ടത്. കരാർ പ്രകാരം 2020 മേയ് 8ന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. പ്രവൃത്തി തുടങ്ങിയിടത്തു തന്നെയായതിനാൽ 2020 ഡിസംബർ 31വരെ കരാർ കാലാവധി നീട്ടി നൽകി. എന്നാൽ, പ്രവൃത്തി മന്ദഗതിയിൽ തുടർന്നു. 2019ലെ പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയ പുത്തുമലയിലേക്കു ഇതുവഴിയാണു പോകേണ്ടത്.
നിർദിഷ്ട മേപ്പാടി–നിലമ്പൂർ മലയോര ഹൈവേയുടെ അലൈൻമെന്റ് പോകുന്ന റോഡ് കൂടിയാണിത്. നിലവിലെ ടാറിങ് കുത്തിപ്പൊളിച്ചാണു നവീകരണം തുടങ്ങിയത്. ഇതോടെ റോഡിൽ ഗതാഗതം അസാധ്യമായി. പൊടി തിന്നു യാത്രക്കാർ മടുത്തു. റോഡരികിലെ വീട്ടുകാർക്കാണു കൂടുതൽ ദുരിതം. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ചൂരൽമല മുതൽ മേപ്പാടി വരെയുള്ള 12.8 കിലോമീറ്റർ താണ്ടണമെങ്കിൽ ഒരു മണിക്കൂറോളമെടുക്കുമെന്നു നാട്ടുകാർ പറയുന്നു.