കുറ്റിയിട്ട വാതിൽ പൊളിച്ചു കടുവ അകത്തേക്ക്, പിന്നെ മൽപിടിത്തം; ജീവൻ തിരിച്ചു പിടിച്ച ഭീകര നിമിഷങ്ങള്‍...
Mail This Article
മാനന്തവാടി ∙ പുലിമുരുകൻ സിനിമയിലെ പോലെ കടുവയെ നേരിട്ട് ജീവൻ തിരിച്ചു പിടിച്ച സന്തോഷത്തിലാണ് പൊലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ സാലിദയും സഹോദരിയുടെ മകൻ മൃദുനും. വീട്ടിലെത്തിയ ആക്രമണകാരിയായ കടുവയെ നേരിട്ടതെങ്ങനെയെന്ന് വിശദീകരിക്കാൻ ഇപ്പോഴും ഇരുവർക്കും കഴിയുന്നില്ല.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിനു പുറത്തു നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും പ്രത്യേകമായി ഒന്നും കണ്ടില്ല. ഇരുവരും തിരികെ വീട്ടിൽ കയറി അരമണിക്കൂർ കഴിഞ്ഞപ്പോഴാണു കുറ്റിയിട്ട വാതിൽ തുറന്നു കടുവ അകത്തേക്കു കടക്കാൻ ശ്രമിക്കുന്നത് കണ്ടത്.
വല്ലാതെ ഭയന്നെങ്കിലും വിപദിധൈര്യത്താൽ ഇരുവരും ചേർന്ന് കടുവയെ ചെറുക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ച കടുവയെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചു മൃദുൻ എറിഞ്ഞു. പഴയ പ്ലൈവുഡിന്റെ വാതിലിന്റെ കൊളുത്ത് ഇതിനകം തകർന്നിരുന്നു. സർവ ശക്തിയും ഉപയോഗിച്ച് ഇരുവരും വാതിൽ തള്ളിപ്പിടിച്ചു പ്രതിരോധിക്കുകയായിരുന്നു.
ഇതേ തുടർന്നതോടെ കടുവ പിൻതിരിയുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി തന്നെ വനപാലകർ സ്ഥലത്തെത്തി. പരിശോധനയിൽ കടുവയുടെ കാൽപാടുകളും കണ്ടെത്തി. ഇതേ തുടർന്നു പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായും പട്രോളിങ് ശക്തമാക്കിയെന്നും തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദ് പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ വാതിലിന്റെ മുൻഭാഗവും താഴും തകർന്നു. മുൻപ് ഇവരുടെ വീട്ടിലെ വളർത്തു നായയെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പട്ടിയെ വീടിനകത്താണു താമസിപ്പിച്ചിരുന്നത്. ഇതാകും വീണ്ടും കടുവ ഇതേ വീട്ടിലെത്താൻ കാരണമെന്നാണു നിഗമനം.