പരാജയമറിയാത്ത ജനപ്രതിനിധി, ഒ.ആർ.കേളുവിന് മുന്നിലുണ്ടോ മന്ത്രിസ്ഥാനം?; മനം നിറയ്ക്കുന്ന വിജയം
Mail This Article
മാനന്തവാടി∙ യുഡിഎഫ് കോട്ടയെന്നു വിളിച്ചിരുന്ന മാനന്തവാടിയിൽ തുടർ വിജയത്തിനു തുണയായത് വികസനം തന്നെയെന്നാണ് ഒ.ആർ.കേളു വിശ്വസിക്കുന്നത്. ‘മനം നിറഞ്ഞ് മാനന്തവാടി’ എന്ന മുദ്രാവാക്യവുമായാണ് ഇടതുപക്ഷം പ്രചാരണം നയിച്ചതുതന്നെ. മനസ്സുണ്ടെങ്കിൽ മന്ത്രി വേണ്ടെന്നും മാനന്തവാടിക്ക് സ്വന്തം മന്ത്രിയുണ്ടായിരുന്ന കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്തു നടന്നതിലും എത്രയോ ഏറെ വികസനം കഴിഞ്ഞ 5 വർഷം കൊണ്ട് മണ്ഡലത്തിൽ എത്തിയെന്നുമായിരുന്നു പ്രചാരണത്തിന്റെ കുന്തമുന.
ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതും ആരോഗ്യ രംഗത്തുണ്ടായ പുരോഗതിയും എൽഡിഎഫ് യോഗങ്ങളിൽ കൈയടി നേടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം, നവീകരണം പൂർത്തിയാക്കിയ റോഡുകൾ എന്നിവ എടുത്തുപറഞ്ഞാണ് കേളു വോട്ടു തേടിയത്. ഇല്ലാ ആശുപത്രിയായിരുന്ന ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചതും ചർച്ചയാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു.
പാർട്ടിയിലും കരുത്തനാകും
ആദ്യം നിയമസഭയിലെത്തുമ്പോൾ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ഒ.ആർ.കേളു നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. അടുത്ത സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയിലും എത്താൻ സാധ്യത ഏറെയാണ്. പാർട്ടിയിലെ എല്ലാ വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും സമ്മതനായ ഒ.ആർ.കേളു തുടർവിജയത്തോടെ പാർട്ടിയുടെയും മുഖമായി മാറും.
മുന്നിലുണ്ടോ മന്ത്രിസ്ഥാനം
നിയമസഭയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ഏക അംഗം എന്ന നിലയിൽ ഇക്കുറി ഒ.ആർ.കേളു മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലത്തിൽ തുടർ വിജയം നേടിയ കേളുവിന് ഇക്കുറി അവസരം ലഭിക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ 5 വർഷം എംഎൽഎ എന്ന നിലയിൽ വിവാദങ്ങളിൽ നിന്ന് അകന്നുനിന്നതും ഒരു ആരോപണം പോലും പാർട്ടിക്ക് അകത്തോ പുറത്തോ ഉയരാത്തതും അനുകൂല ഘടകമാണ്.
പരാജയമറിയാത്ത ജനപ്രതിനിധി
നിയമസഭയിലെ രണ്ടാമൂഴത്തിലും വിജയിച്ചതോടെ പരാജയമറിയാത്ത ജനപ്രതിനിധിയായി കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് ഒ.ആർ.കേളു. നിലവിൽ ആദിവാസി ക്ഷേമസമിതി(എകെഎസ്) സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ്. 2016ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെയാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. അതിനു മുൻപ് തുടർച്ചയായി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അതിനും മുൻപ് 5 വർഷം പഞ്ചായത്ത് അംഗവുമായിരുന്നു.
മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. 3 വട്ടം തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു വട്ടം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും 2 വട്ടം നിയമസഭയിലേക്കും മത്സരിച്ചപ്പോഴും വിജയം കേളുവിനൊപ്പം നിന്നു. ഡിവൈഎഫ്‌ഐയിലൂടെ പൊതുപ്രവർത്തനത്തിനു തുടക്കം കുറിച്ച ഒ.ആർ.കേളു കഴിഞ്ഞ 3 പതിറ്റാണ്ടായി രാഷ്‌ട്രീയത്തിൽ സജീവമാണ്. ഭാര്യ പി.കെ.ശാന്ത, മക്കളായ മിഥുന, ഭാവന എന്നിവരും ഇക്കുറി തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്നു. കാട്ടിക്കുളം തൃശ്ശിലേരി ഓലഞ്ചേരി രാമന്റെയും പരേതയായ അമ്മുവിന്റെയും മകനാണ് ഒ.ആർ. കേളു.