കാടിറങ്ങി 19 ആനകളുടെ കൂട്ടം; കൊടുംഭീതിയിൽ പെരുങ്കോട
Mail This Article
പൊഴുതന ∙ പെരുങ്കോട പ്രദേശത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കുട്ടികളടക്കം 19 കാട്ടാനകളാണ് ഇന്നലെ ഉച്ചയോടെ കാടുവിട്ട് നാട്ടിലെ ജനവാസ കേന്ദ്രത്തിലെത്തിയത്. കൽപറ്റ റേഞ്ചിലെ വനമേഖലയായ വണ്ണാത്തിമല ഭാഗത്ത് നിന്ന് ഇറങ്ങിയ ആനക്കൂട്ടം പോരുങ്കോടയിൽ വൈത്തിരി-തരുവണ റോഡ് മുറിച്ചു കടന്ന് തേയിലത്തോട്ടത്തിനു നടുവിലൂടെ പന്ത്രണ്ടാംപാലം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഡിഎഫ്ഒ തോട്ടത്തിൽ നിലയുറപ്പിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനപാലക സംഘം തിരികെ കാട്ടിലേക്ക് ഓടിച്ചു വിടുകയായിരുന്നു. കുട്ടികൾ അടക്കമുള്ള കൂട്ടമായതിനാൽ ഏറെ നേരം പണിപ്പെട്ടാണ് ഇവയെ കാട്ടിലേക്കു കയറ്റിയത്. കാട്ടിൽ തീറ്റ കുറഞ്ഞതോടെ നാട്ടിൻ പ്രദേശത്തെ വൻ തോതിൽ വിളഞ്ഞ ചക്ക ഭക്ഷിക്കാൻ എത്തിയതാണ് ആനക്കൂട്ടം. കുട്ടികൾ ഉള്ളതിനാലാണു കാടു കയറാൻ വൈകിയതെന്ന് വനപാലകർ പറഞ്ഞു. ഫെൻസിങ് തകർത്ത് നാട്ടിലിങ്ങിയ ആനക്കൂട്ടം 5 കിലോമീറ്ററോളം ചുറ്റിനടന്നു.
എസ്റ്റേറ്റ് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാടികൾ നിറഞ്ഞ പ്രദേശം ഏറെ നേരം പരിഭ്രാന്തിയിലായി. ഏതു നേരവും യാത്രക്കാരുള്ള കല്ലൂർ ഭാഗത്തേക്കുള്ള റോഡും ആനക്കൂട്ടം കയ്യടക്കിയത് ആശങ്ക വർധിപ്പിച്ചു. വന്യമൃഗ ശല്യം ഏറെയുള്ള പ്രദേശമാണിത്. കഴിഞ്ഞ മാസം പുലി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത്തിന്റെ നിർദേശമനുസരിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജെ.ജോസ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരായ വി.സി.രാജേഷ്, നജീബ്, ജോൺസൺ, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആനക്കൂട്ടത്തെ കാട് കയറ്റിയത്.