കൽപറ്റയിൽ ഉറവിട മാലിന്യ സംസ്‌കരണം തുടങ്ങി
Mail This Article
കൽപറ്റ ∙ സമ്പൂർണ ശുചിത്വം നടപ്പാക്കുന്നതിന്റെ ഭാഗമായി കൽപറ്റ നഗരസഭയിൽ ഉറവിട മാലിന്യ സംസ്‌കരണവും ബോധവൽക്കരണവും തുടങ്ങി. ഇതിന്റെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ മുണ്ടേരിയിലാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്.
അടുത്ത ഘട്ടത്തിൽ 8–ാം ഡിവിഷനിൽ മൈലാടിപ്പാറയിലും 16–ാം ഡിവിഷനിൽ ഗൂഡലായ് കുന്നിലും പുതിയ യൂണിറ്റുകൾ തുടങ്ങും. തുമ്പൂർമുഴി മാതൃകയിലാണു പ്രവർത്തനം. സമ്പൂർണ ശുചിത്വമെന്ന ലക്ഷ്യം പൂർത്തിയാക്കുന്ന നഗരസഭയായി കൽപറ്റ മാറുമെന്നു നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ് പറഞ്ഞു. 50 മുതൽ 60 വീടുകൾക്ക് ഒരു യൂണിറ്റാണ് (2 പ്ലാന്റുകൾ) ക്രമീകരിക്കുക.
പ്ലാസ്റ്റിക് ഒഴികെയുള്ള ജൈവ മാലിന്യങ്ങൾ ദിവസേന ശേഖരിച്ച് തൊട്ടടുത്ത സംസ്‌കരണ പ്ലാന്റിൽ നിക്ഷേപിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ ഒരാൾക്ക് ഒരു യൂണിറ്റിന്റെ ചുമതല നൽകും. ഒരു യൂണിറ്റിൽ 2 പ്ലാന്റുകൾ സ്ഥാപിക്കും. ഒരു മാസക്കാലം അതിലൊന്നിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കും. തുടർന്ന് ദ്രവീകരിച്ചു വളമായി മാറ്റാനായുള്ള പ്രക്രിയയ്ക്കായി പ്ലാന്റ് അടച്ചിടും.
പിന്നീട് ഒരു മാസക്കാലം തൊട്ടടുത്ത പ്ലാന്റിലായിരിക്കും മാലിന്യങ്ങൾ നിക്ഷേപിക്കുക. മാലിന്യ സംസ്‌കരണം തടസ്സപ്പെടാതിരിക്കാനാണിത്. ഓരോ മാസവും ഓരോ പ്ലാന്റിൽ നിന്നു വളം ഉൽപാദിപ്പിക്കാനാവും. ചെറിയ ചെലവിൽ ശുചിത്വവും മാലിന്യ സംസ്‌കരണവും നടപ്പാക്കാനാവുമെന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സി.കെ. മധുസൂദനൻ പറഞ്ഞു.