മഞ്ഞളിപ്പും മഹാളിയും: അടയ്ക്ക കർഷകർ ദുരിതത്തിൽ
Mail This Article
പടിഞ്ഞാറത്തറ∙ കർഷകർക്ക് ഇരുട്ടടിയായി കമുകിനു മഞ്ഞളിപ്പും മഹാളി രോഗവും വ്യാപിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ മിക്ക കൃഷിയിടങ്ങളിലും കമുകിന് രോഗ ബാധ വ്യാപിക്കുകയാണ്. വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ടെങ്കിലും വർഷംതോറും കർഷകരുടെ കുടുംബ ബജറ്റിന് ആശ്വാസം നൽകുന്ന വരുമാനമായിരുന്നു അടയ്ക്ക കൃഷിയിൽ നിന്നു ലഭിച്ചിരുന്നത്. രോഗം ബാധിച്ച് കമുക് നശിക്കുന്ന അവസ്ഥ വന്നതോടെ ഈ മേഖലയിൽ നിന്നുള്ള വരുമാനവും നിലയ്ക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ഒരു കൃഷിയിടത്തിൽ രോഗം എത്തിയാൽ ഒന്നിൽ തുടങ്ങി കൂട്ടത്തോടെ കമുക് നശിക്കുന്ന അവസ്ഥയാണ്. അടയ്ക്ക വിളവെടുപ്പ് സീസൺ കഴിയുന്നതോടെ തന്നെ അടുത്ത വർഷത്തെ വിളവെടുപ്പിന് കച്ചവടക്കാരെ ഏൽപിച്ച് മുൻകൂട്ടി പണം വാങ്ങുകയാണ് മിക്ക കർഷകരും ചെയ്യുന്നത്. രോഗബാധ ശക്തമായതോടെ ഇത്തരത്തിൽ പാട്ടത്തിന് എടുത്ത കച്ചവടക്കാരും പ്രതിസന്ധിയിലായി. ജില്ലയിൽ വൻ തോതിലുള്ള അടയ്ക്ക കൃഷി ഓരോ വർഷവും ഗണ്യമായി കുറഞ്ഞ് നാമമാത്രമായ തോട്ടങ്ങളിൽ ഒതുങ്ങുകയാണെന്നും കർഷകർ പറയുന്നു.