ADVERTISEMENT

കൽപറ്റ ∙ വിദ്യാർഥിനികളും കുടുംബിനികളുമായ സംസ്ഥാനത്തെ അൻപതോളം വരുന്ന സ്ത്രീ സൗഹൃദ കൂട്ടായ്മയുടെ കരുതൽ കൽപറ്റയിലും ആരംഭിച്ചു. വിശക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകാനായി കൽപറ്റ നഗരത്തിൽ 5 ഇടത്താണ് ഉച്ചഭക്ഷണമുള്ള പെട്ടികൾ സ്ഥാപിച്ചത്. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ ഐഎൻഎ അസോസിയേഷനും (ഐആം നോട്ട് എലോൺ അസോസിയേഷൻ) ടിഡബ്ല്യുസിഎയും (ടുഗെദർ വി കാൻ അസോസിയേഷൻ) ചേർന്നുള്ള കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്.

തെരുവിൽ കഴിയുന്നവർ ഉൾപ്പെടെ ഭക്ഷണം ആവശ്യമുള്ള ആർക്കും ഈ പെട്ടിയിൽ വന്ന് ഉച്ചഭക്ഷണം സ്വീകരിക്കാം. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, നഗരസഭാ ഓഫിസിന് സമീപം, കൈനാട്ടി ജനറൽ ആശുപത്രി, കൽപറ്റ  ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലാണ് ഭക്ഷണപെട്ടികൾ സ്ഥാപിച്ചത്.

സ്വാതന്ത്ര്യ ദിനാഘോഷ നാളിൽ ആരംഭിച്ച പദ്ധതിയിൽ ആദ്യ ദിവസങ്ങളിൽ ഓരോ പെട്ടിയിൽ 10 പൊതിച്ചോറുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഇന്നലെ മുതൽ 20 പൊതിച്ചോറുകളാക്കി. ഈ മാസം അവസാനത്തോടെ ഒരോ പെട്ടിയിലും 30 വീതം 150 പൊതിച്ചോറുകളാണ് വയ്ക്കുക. എല്ലാ ദിവസവും 11.30നും 12.30നും ഇടയിൽ ആണ് പെട്ടികളിൽ ഭക്ഷണമെത്തിക്കുക.  

ഭക്ഷണം ഇങ്ങനെ

ഓരോ പെട്ടിയും സ്ഥാപിക്കുന്ന പ്രദേശത്തുള്ള തൊഴിൽ രഹിതയായ ഒരു സ്ത്രീയുമായി കരാറിൽ ഏർപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൊതിച്ചോറിന് 30 രൂപ നിരക്കിൽ അവർ ദിവസവും മുടങ്ങാതെ 30 പൊതിച്ചോറുകൾ പെട്ടിയിൽ നിക്ഷേപിക്കും. സ്റ്റീലിൽ നിർമിച്ച മികച്ചതും ഗുണമേന്മയും സുരക്ഷിതത്വവും ഉള്ള പെട്ടികളുടെ മുൻഭാഗം ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചതിനാൽ പെട്ടിയിൽ ഭക്ഷണം ഉണ്ടോ എന്നറിയാൻ കഴിയും. കൈ കൊണ്ടുള്ള സ്പർശനം ഒഴിവാക്കാനായി ചവിട്ടിയാൽ തുറക്കുന്ന വിധമാണ് പെട്ടി. 

തുക സംഭാവനകളിലൂടെ

സംഘടനയിലെ അംഗങ്ങളും, അംഗങ്ങൾ കണ്ടെത്തുന്ന സ്പോൺസർമാരും നൽകുന്ന സംഭാവനകൾ വഴിയാണ് പദ്ധതി നടത്തുന്നത്.  ഒരു പൊതിച്ചോറിന് 30 രൂപയാണ് ഒരു സ്പോൺസർ നൽകേണ്ടത്. ഭക്ഷണം പാചകം ചെയ്യാനുള്ള ഉൽപന്നങ്ങൾ നൽകിയും സ്പോൺസർ ചെയ്തും ആർക്കും പദ്ധതിയിൽ പങ്കാളികളാകാം. ഫോൺ: 8129318445, 6238284351.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com