അടഞ്ഞു കിടന്നത് 16 മാസം, തിയറ്ററുകൾ പൊടി തട്ടുന്നു; സിനിമ ഓഫ് ലൈനിലേക്ക്
Mail This Article
ബത്തേരി ∙ സിനിമാ ശാലകൾ വീണ്ടും തുറക്കാനൊരുങ്ങുന്നു. നീണ്ട കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു വന്ന ഓൺലൈൻ റിലീസ് രീതി സിനിമ മേഖലയിൽ ചുവടുറപ്പിക്കുന്നതിനിടെയാണു ഗതകാല സ്മരണകളുയർത്തി വലിയ സ്ക്രീനുകളിൽ വീണ്ടും തിരശീല ഉയരുന്നത്. ജില്ലയിലെ 18 തിയറ്ററുകളാണു പ്രേക്ഷകരെ വരവേൽക്കാൻ തയാറെടുക്കുന്നത്.
അടഞ്ഞു കിടന്നത് 16 മാസം
സിനിമാ മേഖലയെ പൂർണമായും കോവിഡ് കവർന്നത് 16 മാസമാണ്. ഒന്നാം തരംഗത്തിൽ 10 ഉം രണ്ടാം തരംഗത്തിൽ ആറും. 2020 മാർച്ച് 11 നാണ് അദ്യം തിയറ്ററുകൾ അടച്ചത്. 10 മാസത്തിന് ശേഷമാണ് തുറക്കാനായത്. 2021 ജനുവരി 13നു തുറന്നെങ്കിലും 3 മാസത്തിന് ശേഷം കോവിഡ് വ്യാപനമേറിയപ്പോൾ കഴിഞ്ഞ ഏപ്രിൽ 22നു വീണ്ടും അടച്ചു. ഒക്ടോബർ 25ന് തുറക്കാമെന്നാണ് സർക്കാർ നിർദേശം.
എന്നാൽ റിലീസുകൾ 27നായതിനാൽ അന്നു മുതലാകും തിയറ്ററുകൾ തുറക്കുക. ജയിംസ് ബോണ്ട് സീരീസിലെ ‘നോ ടൈം ടു ഡൈ’, ‘വെനം’ എന്നീ ഇംഗ്ലിഷ് സിനിമകളും ശിവകാർത്തികയുടെ ‘ഡോക്ടർ’ എന്ന തമിഴ് സിനിമയുമാണ് ആദ്യം റിലീസിനൊരുങ്ങുന്നത്. ദീപാവലി റിലീസുകളിലാണു വലിയ പ്രതീക്ഷയെന്ന് മിന്റ് സിനിമാസ് മാനേജർ പി.ജെ. ബിനോയ് പറയുന്നു
പണ്ട് 50, ഇന്ന് 18
ജില്ലയിൽ അൻപതോളം തിയറ്ററുകളുണ്ടായിരുന്നിടത്ത് ഇന്നു 18 എണ്ണം മാത്രമാണുള്ളത്. ബത്തേരിയിൽ ഐശ്വര്യ, അതുല്യ, മിന്റ് സിനിമാസ് (3 സ്ക്രീൻ) ഐശ്വര്യ സിനി പ്ലക്സ് (2 സ്ക്രീൻ), കൽപറ്റയിൽ മഹാവീർ, അനന്തവീര, മാനന്തവാടിയിൽ ജോസ് സിനിമാസ് (2 സ്ക്രീൻ), മാരുതി, വീണ, വർണ, പുൽപള്ളി പെന്റ സിനിമാസ് (2 സ്ക്രീൻ), ബ്ലൂമൂൺ (2 സ്ക്രീൻ) എന്നിവ. മൾട്ടിപ്ലക്സ് അടക്കമുള്ളവയാണിവ.
നിയന്ത്രണങ്ങൾ
രണ്ട് ഡോസ് വാക്സിനെടുത്തവരെ പ്രവേശിപ്പിക്കാമെന്നാണു നിർദേശം. 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ ഇരുത്താൻ പാടുള്ളൂ. പുതുക്കിയ നിർദേശങ്ങൾ 2 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകൾ.
പ്രതിസന്ധികൾ
16 മാസത്തോളമാണ് തിയറ്റർ തൊഴിലാളികൾക്ക് പണിയില്ലാതായത്. ഫിക്സഡ് വൈദ്യുതി ബിൽ വലിയ ബാധ്യതയാണ് വരുത്തിയിട്ടുള്ളതെന്ന് ഐശ്വര്യ സിനി പ്ലക്സ് പാർട്നർ ഐസൺ കെ. ജോസ് പറയുന്നു. കുറഞ്ഞത് 20,000 മുതൽ 50,000 രൂപ വരെ ഫിക്സഡ് ചാർജുള്ളവരുണ്ട്.
അടഞ്ഞു കിടന്ന കാലമത്രയും മൂന്നുദിവസം കൂടുമ്പോൾ പ്രൊജക്ടറും ശബ്ദ സംവിധാനങ്ങളുമൊക്കെ പ്രവർത്തിപ്പിക്കേണ്ടതായും വന്നു. 16 മാസത്തെ കെട്ടിട നികുതികളിലും ഇളവ് കിട്ടിയിട്ടില്ല.