ADVERTISEMENT

കുന്നമ്പറ്റ ∙ അടങ്ങാത്ത കാട്ടാനക്കലിയിൽ ആശങ്കയിലാണു കോട്ടനാട്, കുന്നമ്പറ്റ മേഖലകൾ. ചെമ്പ്ര വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനകൾ കൂട്ടമുണ്ട എസ്റ്റേറ്റ് വഴിയാണ് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇവിടെ നിന്നു നേരെ കൂട്ടമുണ്ട, കോട്ടനാട്, 46, ആനക്കാട് മേഖലകളിലേക്കിറങ്ങും. തോട്ടം മേഖലകളായതിനാൽ കാട്ടാനകൾ മറഞ്ഞിരുന്നാൽ കാണാനും ബുദ്ധിമുട്ടാണ്. 2020 ഏപ്രിൽ 5ന് കോട്ടനാട് 46ന് സമീപത്തെ ആനക്കാട് മേഖലയിലെ ജനവാസ കേന്ദ്രത്തിൽ കുളത്തിൽ 2 കാട്ടാനകൾ വീണിരുന്നു. 

മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണു കാട്ടാനകളെ കരകയറ്റി വനത്തിലേക്കു തുരത്തിയത്. ചെമ്പ്ര മലനിരകളിൽ നിന്നെത്തുന്ന കാട്ടാനകൾ പകൽസമയങ്ങളിൽ പോലും ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുകയാണ്. വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിച്ചതിലെ അപാകതകളാണ് കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. വനാതിർത്തിയിൽ കിടങ്ങുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.

കൃഷി ഉപേക്ഷിച്ച് കർഷകർ

കാട്ടാനകളെ ഭയന്ന് ഇൗ മേഖലകളിലെ കർഷകരിൽ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചു. കഴിഞ്ഞ 2 മാസത്തിനിടെ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. ചെമ്പ്ര വനമേഖലയോട് ചേർന്ന ചെമ്പ്ര, എരുമക്കൊല്ലി, കുന്നമംഗലം വയൽ, പുഴമൂല, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അട്ടക്കാട്, പത്തേക്കർ മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്. വൈത്തിരി, പഴയവൈത്തിരി, ചാരിറ്റി, തളിമല, തളിപ്പുഴ, ലക്കിടി, മുള്ളൻപാറ, ചേലോട്, ചുണ്ടേൽ, അമ്മാറ, പുൽക്കുന്ന്, ചുണ്ടവയൽ മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.

മാസങ്ങൾക്കു മുൻപ് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ ലക്കിടി ചങ്ങലമരത്തിനു സമീപമെത്തിയ കാട്ടാന അരമണിക്കൂറോളമാണു ദേശീയപാതയിൽ പരാക്രമം നടത്തിയത്. തുടർന്ന് ദേശീയപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഗേറ്റ് തകർത്താണു കാട്ടാന കാടുകയറിയത്. ചേലോട്, പഴയവെത്തിരി, തളിമല മേഖലകളിൽ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്. വനാതിർത്തികളിൽ ആവശ്യത്തിനു പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

കടലാസിലൊതുങ്ങി പ്രതിരോധ നടപടികൾ 

വനാതിർത്തികളിലെ കമ്പിവേലികളും കിടങ്ങുകളുമൊക്കെ കടന്നു വന്യമൃഗങ്ങൾ നാട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുകയാണ്. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം കാണാനായി കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. എന്നാൽ, അവയിൽ ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങി കിടക്കുകയാണ്. നടപ്പിലാക്കിയ പദ്ധതികളാകട്ടെ തുടക്കത്തിലേ പാളി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പു നൽകി മടങ്ങും. പിന്നീട് തിരിഞ്ഞുനോക്കില്ലെന്നു നാട്ടുകാർ പറയുന്നു.

കുന്നമ്പറ്റയിൽ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

കുന്നമ്പറ്റ ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരുക്കേറ്റു. കുന്നമ്പറ്റ സിത്താറാം വയൽ വാഴക്കാടൻ സിദ്ദിഖിനാണു (38) പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സിത്താറാംവയലിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ പശുവിനെ മേയ്ക്കുന്നതിനിടെ ഇന്നലെ രാവിലെ 11.30 ഓടെയാണു കാട്ടാനയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണു ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 

ഇൗ സ്ഥലത്തിനു 2 കിലോമീറ്റർ അകലെ കൂട്ടമുണ്ടയിൽ കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളിയും കുന്നമ്പറ്റ മൂപ്പൻകുന്ന് പരശുരാമന്റെ ഭാര്യയുമായ പാർവതി (50) ആണു കൊല്ലപ്പെട്ടത്. കാട്ടാനശല്യം അതിരൂക്ഷമായ മേഖലയാണു കുന്നമ്പറ്റ.

ചികിത്സാ സഹായവും നഷ്ടപരിഹാരവും നൽ‌കണം

കൽപറ്റ ∙ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കുന്നമ്പറ്റ സിത്താറാംവയൽ വാഴക്കാടൻ സിദ്ദിഖിന്റെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സിദ്ദിഖിന്റെ ചികിത്സ ബന്ധപ്പെട്ട അധികൃതർ ഏറ്റെടുക്കണമെന്നും ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ എംഎൽഎ ഫണ്ടിൽ നിന്നു ഘട്ടം ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഫെൻസിങ് നടപടികൾ പൂർത്തീകരിക്കണമെങ്കിൽ സർക്കാർ ധനസഹായം ആവശ്യമാണെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

വൻകിട-ഇടത്തരം തോട്ടം ഭൂമികൾ വേണ്ടരീതിയിൽ പരിപാലിക്കാത്തതിനാൽ കാട്ടാനകൾ അടക്കമുള്ള വനൃമ‍ൃഗങ്ങൾ ഇവിടങ്ങളിൽ തമ്പടിക്കുകയാണ്. ഇക്കാര്യത്തിനു പരിഹാരം കാണാൻ കലക്ടറോടു ആവശ്യപ്പെട്ടതായും എംഎൽഎ പറഞ്ഞു. ആശുപത്രിയിലെത്തി സിദ്ദിഖിനെ അദ്ദേഹം സന്ദർശിച്ചു. കാട്ടാനയുടെ ആക്രമണമുണ്ടായ സ്ഥലവും സിദ്ദിഖിന്റെ വീട്ടിലും എംഎൽഎ സന്ദർശനം നടത്തി. 

കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺദേവ്, ബി. സുരേഷ് ബാബു, രാജു ഹെജമാഡി, രാധ രാമസ്വാമി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com