കെഎൽആർ ഭൂമിയിലെ നിർമാണം റവന്യു അധികൃതർ തടഞ്ഞു
Mail This Article
കൽപറ്റ ∙ ദുരന്ത നിവാരണ സമിതി ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമായി പ്രഖ്യാപിക്കുകയും കെഎൽആർ തോട്ടങ്ങളിൽ ഉൾപ്പെട്ടതുമായ ഭൂമിയിലെ നിർമാണ പ്രവൃത്തികൾക്ക് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. എല്ലാവിധ നിർമാണ പ്രവൃത്തികളും തടഞ്ഞതായി കോട്ടത്തറ വില്ലേജ് ഓഫിസർ കെ. ജിനിൽകുമാർ അറിയിച്ചു.
കോട്ടത്തറ പഞ്ചായത്ത് ആറാം വാർഡ് നാടുകാണിക്കുന്നിനു സമീപം മണ്ണിടിച്ചും പാറ പൊട്ടിച്ചും ആയിരുന്നു പ്രവൃത്തികൾ. ഇതിനെതിരെ നാട്ടുകാരുടെ പരാതിയുടെ തുടർന്നാണ് അധികൃതരുടെ നടപടി. വയനാട് മെഡിക്കൽ കോളജിനു സൗജന്യമായി വിട്ടുനൽകിയ ഭൂമിക്ക് സമീപത്തുള്ള തോട്ടമാണിത്.
നിക്ഷിപ്ത വനഭൂമി അതിർത്തി പങ്കിടുന്ന കുത്തനെയുള്ള സ്ഥലത്തെ നിർമാണ പ്രവൃത്തികൾ താഴ്ഭാഗത്ത് താമസിക്കുന്നവരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ചെറുകിട തോട്ടങ്ങളായ ഇവിടത്തെ ഭൂമി നേരത്തെ വിൽപന നടത്തിയിരുന്നു. പലരിൽ നിന്നും കൈമാറി ഇപ്പോൾ വടകര സ്വദേശികളുടെ കൈവശമാണ് നിർമാണം നടക്കുന്ന സ്ഥലം.
കർശന നടപടി സ്വീകരിക്കണം
കൽപറ്റ ∙ കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റി നാടുകാണി കുന്നിൽ യെലോ സോണിൽ ഉൾപ്പെട്ട ഭൂമിയിലെ മരങ്ങൾ മുറിച്ചും കുന്നിടിച്ചും പാറ പൊട്ടിച്ചും കെട്ടിട നിർമാണം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ചു ചേർക്കണമെന്നു കലക്ടറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിർമാണം നടന്ന സ്ഥലത്തു അദ്ദേഹം സന്ദർശനം നടത്തി. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ്, ഗഫൂർ വെണ്ണിയോട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.