ADVERTISEMENT

പനമരം∙ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ജില്ലയിലെ കല്ലമ്പലങ്ങളിൽ ഒന്നായ പുഞ്ചവയൽ നീർവാരം റോഡിലുള്ള ജനാർദന ഗുഡിയുടെ ജീർണോദ്ധാരണ പ്രവൃത്തികൾക്കു തുടക്കമായി. സ്ഥലവും പരിസരവും വൃത്തിയാക്കി ഓരോ ശിലയ്ക്കും നമ്പറിടുന്ന നടപടികൾ പൂർത്തീകരിച്ചു. 27 നു കല്ലമ്പലം പൊളിച്ചു നീക്കൽ ആരംഭിക്കും.

പൊളിച്ചു നിർമിക്കുന്ന മഹാമണ്ഡപം
പൊളിച്ചു നിർമിക്കുന്ന മഹാമണ്ഡപം

പൊളിച്ചെടുക്കുന്ന കല്ലുകൾ നമ്പർ അടിസ്ഥാനത്തിൽ തന്നെ അടുക്കി വയ്ക്കുകയും വാനം മാന്തി അമ്പലം പഴയ രീതിയിൽ തന്നെ നിർമിക്കുകയും ചെയ്യും. ആദ്യം ശ്രീകോവിലാണു പണി പൂർത്തീകരിക്കുക. തുടർന്ന് അന്തരാളം, പിന്നീട് 4 തൂണുകളോടു കൂടിയ മഹാമണ്ഡപം, തുടർന്ന് 2 തൂണുകളോടു കൂടിയ മുഖമണ്ഡപവും ഒടുവിൽ സോപാനവും കൂടി നിർമിക്കുന്നതോടെ ജനാർദന ഗുഡി എന്ന കല്ലമ്പലത്തിന്റെ പണികൾ പൂർത്തിയാകും. സിമന്റിനു പകരം ചുണ്ണാമ്പു ചേര്‍ത്ത സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണു നിര്‍മാണം.

നിർമാണം നടക്കുമ്പോൾ പുഞ്ചവയൽ ദാസനക്കര റോഡിൽ അമ്പലം സ്ഥിതി ചെയ്യുന്ന ഭാഗത്ത് 3 മീറ്റർ റോഡ് ഏറ്റെടുക്കേണ്ടി വരും. ജനാർദന ഗുഡിയുടെ ജീർണോദ്ധാരണ പ്രവൃത്തിക്കു ശേഷമായിരിക്കും മറ്റൊരു ശിലാക്ഷേത്രമായ വിഷ്ണു ഗുഡിയുടെ നിർമാണ പ്രവൃത്തി ആരംഭിക്കുക.

പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും

സന്ദർശകരെ  വിസ്മയിപ്പിച്ച പുഞ്ചവയലിലെ കൊച്ചു ക്ഷേത്രങ്ങൾ ദേശീയ സ്മാരക പട്ടികയിൽ ഇടം നേടിയിട്ടു വർഷങ്ങളായെങ്കിലും ജിർണോദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത് ഇപ്പോഴാണ്. പുരാവസ്തു വകുപ്പ് തൃശൂർ സർക്കിളിലാണ് ഈ പ്രദേശം. രാജ്യത്തെ 25 ക്ഷേത്രങ്ങൾ ഏറ്റെടുത്തതിലായിരുന്നു പുഞ്ചവയലിലെ ക്ഷേത്രങ്ങളും ഉൾപ്പെട്ടത്.

നൂറ്റാണ്ടുകൾക്കു മുൻപുള്ളതും തകർക്കപ്പെട്ടതുമായ കല്ലമ്പലങ്ങളിൽ കൽതൂണുകളിൽ കൊത്തിവച്ചിട്ടുള്ള ശിൽപങ്ങളും ചിത്രങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ പുനർനിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണു കേന്ദ്ര പുരാവസ്തു വകുപ്പ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. വിഷ്ണു ഗുഡി 2015 ലും ജനാർദന ഗുഡി 2016 ലും ആണ് ദേശീയ സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിജ്ഞാപനം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com