ഗോത്രവിഭാഗ പുനരധിവാസ കേന്ദ്രമായി പരൂർകുന്ന്
Mail This Article
കൽപറ്റ ∙ സംസ്ഥാനത്തെ ഏറ്റവും വലിയ ഗോത്രവർഗ പുനരധിവാസ കേന്ദ്രമായി മേപ്പാടി പരൂർകുന്നിലെ പുനരധിവാസ കേന്ദ്രം. മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി, കൽപറ്റ എന്നിവിടങ്ങളിലെ ഭൂരഹിതരും ഭവന രഹിതരുമായ 110 കുടുംബങ്ങൾക്കാണ് പരൂർക്കുന്നിൽ പുനരധിവാസം ഒരുങ്ങുന്നത്. ഇതിൽ 35 വീടുകളുടെ പണി പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാർച്ചിൽ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ച് ഏപ്രിലിൽ ഗുണഭോക്താൾക്ക് കൈമാറാനാള്ള ശ്രമത്തിലാണ് അധികൃതർ.
ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടിആർഡിഎം) ഫണ്ടുപയോഗിച്ച് ജില്ലാ മണ്ണുസംരക്ഷണ വകുപ്പാണ് മാതൃക ഭവനങ്ങൾ നിർമിക്കുന്നത്. 2020 ഒക്ടോബറിലാണ് ഭവന നിർമാണത്തിന് ഭരണാനുമതിയായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽപ്പെട്ടവരാണ് ഗുണഭോക്താക്കളിൽ ഏറെയും. 477 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. 2 കിടപ്പുമുറികൾ, വരാന്ത, ഹാൾ, അടുക്കള, ശുചിമുറി, 40 ചതുരശ്ര അടി വർക്ക് ഏരിയ എന്നിവയടങ്ങിയതാണ് ഓരോ വീടും.
ഒരു വീടിന് 6 ലക്ഷം രൂപ
വനം വകുപ്പ് വിട്ടുനൽകിയ 13.5 ഹെക്ടർ ഭൂമിയിലാണ് വീടുകൾ നിർമിക്കുന്നത്. 250 വീടുകൾ നിർമിക്കാനുള്ള ഭൂമിയാണ് പരൂർകുന്നിലുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി വീടു നിർമിക്കാൻ കഴിയും. 6.6 കോടി രൂപയാണ് നിർമാണ ചെലവ്. 4.51 കോടി ഇതിനകം ചെലവഴിച്ചു. ഒരു വീടിന് 6 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ഗുണഭോക്താൾക്ക് വീടിന് പുറമേ 10 സെന്റ് ഭൂമിയും നൽകുന്നുണ്ട്.അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയുടെ പ്രവർത്തനങ്ങളും ടിആർഡിഎം ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. ഇതിൽ കുടിവെള്ളത്തിനു ജല അതോറിറ്ററിയിൽ നിന്ന് 1.3 കോടിയുടെ എസ്റ്റിമേറ്റായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ അങ്കണവാടി, കുട്ടികൾക്കുള്ള പാർക്ക്, വായനശാല, ആരോഗ്യ കേന്ദ്രം, കമ്യുണിറ്റി ഹാൾ, സ്വയം തൊഴിൽ സംരംഭം എന്നിവയും പരിഗണനയിലുണ്ട്.