കുറിച്യർമലയിൽ വീണ്ടും മണ്ണിടിച്ചിൽ
Mail This Article
പൊഴുതന∙ പ്രദേശത്തെ ഭീതിയിലാക്കി കുറിച്യർമലയിൽ വീണ്ടും മണ്ണിടിച്ചിൽ. 2018ൽ വൻ തോതിൽ ഉരുൾപൊട്ടൽ നടന്ന ഇടത്താണ് ഇന്നലെ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. ഇളകിയ മണ്ണിനൊടൊപ്പം മലയിലെ ഭീമൻ പാറയും താഴേക്കു പതിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററോളം മണ്ണ് നിരങ്ങി നീങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. ഉരുൾപൊട്ടലിൽ രൂപപ്പെട്ട ചാലിലൂടെയാണ് ഇന്നലെ ഇടിഞ്ഞ മണ്ണ് ഒലിച്ചു പോയത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് മണ്ണിടിയുന്നത് പ്രദേശവാസികളെ ഭീതിയിലാക്കി.
മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിനു കൃഷി സ്ഥലവും പ്രദേശത്തെ സ്കൂളും തകർന്നിരുന്നു. സർക്കാർ ഏജൻസികളുടെ പഠനത്തിന്റെ ഭാഗമായി പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന പ്രദേശമായി ഇവിടെ പ്രഖ്യാപിക്കുകയും 113 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പട്ടികയിൽ ഉൾപ്പെടാത്ത 22 കുടുംബങ്ങൾ ഇപ്പോഴും ഇവിടെ കഴിയുന്നുണ്ട്.
ഇവിടെ കഴിയുന്നത് അപായസാധ്യത വർധിപ്പിക്കുന്നെന്നും മാറ്റിപ്പാർപ്പിക്കാൻ നടപടി വേണമെന്നും ഈ കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയില്ല. മണ്ണിടിച്ചിൽ അറിഞ്ഞ് സ്ഥലത്ത് എത്തിയ അധികൃതരോട് പുനരധിവാസ നടപടി വേണമെന്നു താമസക്കാർ ആവശ്യപ്പെട്ടു. ശേഷിക്കുന്ന 22 കുടുംബങ്ങളെ കൂടി ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാമെന്ന് അധികൃതർ എഴുതി നൽകി. മണ്ണിടിച്ചിൽ സംഭവിച്ച മലയുടെ താഴെ ഭാഗമായ പുതിയ റോഡ് പ്രദേശത്തെ 14 കുടുംബങ്ങളേയും മാറ്റിപ്പാർപ്പിക്കാനും നടപടിയെടുക്കാമെന്ന് അധികൃതർ അറിയിച്ചു.