ഗോത്ര കലാകാരന്മാരെ തേടിയുള്ള യാത്രകളാണു ജോർജ് കോരയ്ക്കു ജീവിതം
Mail This Article
ഗോത്ര കലാകാരന്മാരെ തേടിയുള്ള യാത്രകളാണു ജോർജ് കോരയ്ക്കു ജീവിതം. സർക്കാർ ജോലിയുടെ തിരക്കുകൾക്കിടയിലും വയനാടിന്റെ ഓരോ ഗ്രാമവഴികളിലൂടെയും ജോർജ് കോര എത്തും. പൊതുവിതരണ വകുപ്പ് ജില്ലാ ഓഫിസ് ജീവനക്കാരനായ മീനങ്ങാടി കല്ലുവെട്ടിക്കുഴിയിൽ ജോർജ് കോര മറ്റുള്ളവരുടെ കഴിവുകൾ കണ്ടെത്തി അവരെ ലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്. കഴിവുള്ള ഗോത്ര കലാകാരന്മാരെ കുറിച്ചോ കിടപ്പുരോഗികളെ കുറിച്ചോ അറിഞ്ഞാൽ ഒഴിവു ദിനം അവർക്കായി മാറ്റിവയ്ക്കുകയാണ് അദ്ദേഹം. പാട്ടുകൾ റെക്കോർഡ് ചെയ്ത് സ്വന്തം സ്റ്റുഡിയോ ആയ എൽസ മീഡിയ ക്രിയേഷൻസിൽ വച്ചു സംഗീതം നൽകി യൂട്യൂബ് ചാനൽ വഴിയും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും ലോകത്തെ അറിയിക്കും.
അതിൽനിന്നു വരുമാനം ലഭിച്ചാൽ കലാകാരന്മാർക്കു തന്നെ നൽകുകയും ചെയ്യും. ജോർജിന്റെ മാതാപിതാക്കൾ കഥാപ്രസംഗം എഴുതുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നവരായിരുന്നു. എന്നാൽ, അവർക്കൊന്നും ആ കഴിവ് പുറം ലോകത്ത് എത്തിക്കാൻ കഴിഞ്ഞില്ല എന്ന തിരിച്ചറിവാണു തന്നെ ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നു ജോർജ് പറയുന്നു. 2009ൽ ഒരു സുഹൃത്ത് എഴുതിയ ഗാനത്തിനു സ്വന്തമായി ഈണം നൽകിയാണ് ജോർജ് സംഗീത സംവിധാന രംഗത്തേക്ക് ചുവടുവച്ചത്. പിന്നീടാണ് എൽസ മീഡിയ ട്രൈബൽ മ്യൂസിക് ബാൻഡ് എന്ന പേരിൽ മീനങ്ങാടിയിൽ സ്റ്റുഡിയോ ആരംഭിച്ചത്.
ആദ്യമായി പുറത്തിറക്കിയ ക്രിസ്തീയ ആൽബത്തിൽ ജി.വേണുഗോപാലാണു പാടിയത്. 2017ൽ മുതൽ ഗോത്ര കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹനം നൽകി വരുന്നു. അഞ്ഞൂറിലധികം പാട്ടുകൾ എഴുതിയ ജോർജ് അരവിന്ദൻ നെല്ലുവാലി സംവിധാനം ചെയ്ത മയിൽ എന്ന സിനിമയ്ക്ക് വേണ്ടി ടൈറ്റിൽ ഗാനം എഴുതി റെക്കോർഡ് ചെയ്തിട്ടുണ്ട്. പുൽപള്ളി പഴശ്ശിരാജ കോളജ് ബിബിഎ വിദ്യാർഥിയും ഗായകനുമായ മകൻ നിശ്ചിതും നിൻ സ്നേഹത്താൽ എന്ന ക്രിസ്തീയ ആൽബം രചിച്ച ഭാര്യ രശ്മിയും സിഎ വിദ്യാർഥിനിയായ മകൾ നിരീക്ഷയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.