6 കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ
Mail This Article
മേപ്പാടി ∙ 6 കിലോഗ്രാം കഞ്ചാവുമായി 2 പേരെ മേപ്പാടി പൊലീസ് പിടികൂടി. മേപ്പാടി വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടിൽ നാസിക് (26), കോട്ടത്തറവയൽ പാറായിൽ വീട്ടിൽ മണി (25) എന്നിവരാണു പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ നടത്തുന്ന ആന്റി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ടോടെയാണു പ്രതികളെ കോട്ടത്തറവയലിൽ നിന്നു പിടികൂടിയത്. പരിശോധന നടത്തുന്നതിനിടെ, പ്രതിയായ നാസിക് പൊലീസിനെ ആക്രമിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചേരമ്പാടി അതിർത്തി കടത്തിയ ശേഷം ബൈക്കിൽ കൂട്ടുപ്രതിയായ മണിയുടെ കോട്ടത്തറവയലിലെ വീട്ടിൽ എത്തിച്ച് ചെറിയ പായ്ക്കറ്റുകളാക്കി ചില്ലറ വിൽപന നടത്തുകയാണ് പ്രതികളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. നാസിക്കാണ് കഞ്ചാവ് ആന്ധ്രപ്രദേശിൽ നിന്നെത്തിക്കുന്നത്. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് നാസിക്കിനെതിരെ കൽപറ്റ, അമ്പലവയൽ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.