തുറന്നും അടച്ചും ടൂറിസം കേന്ദ്രങ്ങൾ; സഞ്ചാരികൾ വിട്ടുനിന്നു
Mail This Article
അമ്പലവയൽ ∙ ഹർത്താൽ ദിനത്തിൽ ജില്ലയിലെ ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളും വിവിധ വകുപ്പുകളുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എറെയും തുറന്നെങ്കിലും സഞ്ചാരികൾ കാര്യമായി എത്തിയില്ല. തുറന്ന ചില കേന്ദ്രങ്ങൾ ഹർത്താലനുകൂലികൾ വന്ന് അടപ്പിക്കുകയും ചെയ്തു.
ഡിടിപിസിക്ക് കീഴിലുള്ള കറലാട് തടാകം, പൂക്കോട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി അഡ്വഞ്ചർ ടൂറിസം, പഴശ്ശി മ്യൂസിയം, ബത്തേരി ടൗൺ സ്ക്വയർ എന്നിവ ഇന്നലെ തുറന്നു. സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. എടയ്ക്കൽ ഗുഹ, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നിവ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളെത്തി അടപ്പിച്ചു. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം രാവിലെ മുതൽ തുറന്നു പ്രവർത്തിച്ചെങ്കിലും ചുരുക്കം സന്ദർശകരെ എത്തിയുള്ളു.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ പലരും ഹർത്താലിൽ വലഞ്ഞു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും തന്നെ കഴിയേണ്ട വന്ന സഞ്ചാരികളും ഏറെ. ടാക്സി വാഹന സൗകര്യം ലഭ്യമല്ലാത്തതും ബുദ്ധിമുട്ടിലാക്കി. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിന് എത്തിയവർക്കു പെട്ടെന്നുണ്ടായ ഹർത്താൽ കനത്ത തിരിച്ചടിയായി.
ഇതിനിടെ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം വൈകിട്ടും ഇന്നലെ രാവിലെയുമായി ഒട്ടേറെ പേർ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കു യാത്രകൾ നടത്തി. അതിർത്തിക്കപ്പുറത്തെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.