സർവേ നമ്പറുകൾ തെളിഞ്ഞു; ഇനിയും ഒഴിയാതെ ആശങ്ക
Mail This Article
കൽപറ്റ ∙ ഇന്നലെ പുറത്തുവിട്ട സർവേ നമ്പറുകൾ ഉൾപ്പെട്ട വനംവകുപ്പ് ഭൂപടമനുസരിച്ച് ജില്ലയിലെ ഉൾവനങ്ങളും സെറ്റിൽമെന്റുകളും ഉൾപ്പെടെ ചില ജനവാസമേഖലകൾ ബഫർസോണിൽ തന്നെ. ഇവയെക്കൂടി ഒഴിവാക്കി അന്തിമ ഭൂപടം തയാറാക്കുകയും അതു സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്യുകയെന്ന വലിയ കടമ്പയാണ് ഇനി മുന്നിലുള്ളത്. പിഴവുകൾ ഏറെയുള്ള ഉപഗ്രഹ സർവേ ഭൂപടം അടിസ്ഥാനപ്പെടുത്തി സുപ്രീംകോടതി നിലപാടെടുത്താൽ പ്രശ്നം വീണ്ടും സങ്കീർണമാകുകയും ചെയ്യും. ഉപഗ്രഹ സർവേ ഭൂപടത്തിലെ പിഴവു തിരുത്താൻ സ്ഥലപരിശോധനയും പരാതികൾ സ്വീകരിക്കലും ഇഴഞ്ഞു നീങ്ങുകയുമാണ്.
ജനവാസ മേഖലകൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കിയ വനംവകുപ്പ് കരട് ഭൂപടം സുപ്രീംകോടതി അംഗീകരിക്കുകയും ബഫർസോണിൽ ഉൾപ്പെട്ടുപോയ വനാന്തര ഗ്രാമങ്ങൾ ഒഴിവാക്കി കരട് ഭൂപടം സർക്കാർ അന്തിമമാക്കുകയും ചെയ്താൽ കൃഷിമേഖലയിൽ ആശങ്കയൊഴിവാകും. ബഫർസോൺ നിർണയത്തിൽ അടിസ്ഥാനരേഖ വനംവകുപ്പ് തയാറാക്കിയ ഭൂപടമാണെന്നാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. വനംവകുപ്പ് ഭൂപടത്തിൽ വയനാട്ടിലെ ഭൂരിപക്ഷം ജനവാസമേഖലകളും ബഫർസോണിനു പുറത്താണ്.
ബത്തേരി നഗരസഭയിലെ ചെതലയം, ചേനാട് പ്രദേശങ്ങൾ മാത്രമാണു ബഫർസോണിലുള്ളത്. എന്നാൽ, വനത്തിനുള്ളിലെ സെറ്റിൽമെന്റുകൾ ഉൾപ്പെടെയുള്ള ചില ജനവാസമേഖലകളുടെ സർവേ നമ്പറുകൾ ബഫർസോൺ ഭൂപടത്തിലുണ്ട്. നൂൽപുഴ പഞ്ചായത്തിൽ 1,2,3 വാർഡുകൾ ഉൾപ്പെട്ട വടക്കനാട് മേഖല പൂർണമായും ബഫർസോണിലാണ്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട മുത്തങ്ങ, പൊൻകുഴി, ചെതലയം, പുത്തൂർ, ചെട്ട്യാലത്തൂർ, മണിമുണ്ട, കുമിഴി, കുറിച്യാട് തുടങ്ങിയ ജനവാസകേന്ദ്രങ്ങളും ബഫർസോണിലാണ്.
പൂതാടി പഞ്ചായത്തിന്റെ കിഴക്കേ അതിരിലുള്ള വനത്തോടു ചേർന്ന എസ്റ്റേറ്റ് മേഖല ഉൾപ്പെട്ട സർവേ നമ്പറുകൾ ഭൂപടത്തിൽ കാണാം. തിരുനെല്ലി, പൊഴുതന, പുൽപള്ളി, തരിയോട് പഞ്ചായത്തുകളിലെ സർവേ നമ്പറുകളും ഭൂപടത്തിലുണ്ട്. എസ്റ്റേറ്റുകളും അവയോടു ചേർന്നുള്ള ജനവാസ മേഖലകളുമാണിവ. സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ ഭൂപടത്തിലും അവ്യക്തത ഏറെയാണ്. വില്ലേജ് തിരിച്ച് ബ്ലോക്ക് നമ്പറുകൾ സഹിതം കൊടുത്താലേ ജനവാസമേഖല ഉൾപ്പെട്ടിട്ടുണ്ടോയെന്നു കൃത്യമായി മനസ്സിലാകൂവെന്നു കർഷകസംഘടനകൾ പറയുന്നു.