ബ്രിട്ടിഷ് ഭരണകാലത്തെ 9 നിസാൻ ഹട്ടുകൾ; ചരിത്രശേഷിപ്പിന് അവഗണന
Mail This Article
അമ്പലവയൽ ∙ പൈതൃക മ്യൂസിയത്തിനു വിളിപ്പാടകലെ മറ്റൊരു ചരിത്ര ശേഷിപ്പു സംരക്ഷണം ലഭിക്കാതെ നശിക്കുന്നു. ജില്ലയിലെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിനോടു ചേർന്നുള്ള ബ്രിട്ടിഷ് നിർമിതിയായ നിസാൻ ഹട്ടുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് അവശേഷിക്കുന്ന 2 നിസാൻ ഹട്ടുകളും നാശത്തിലേക്കു പോകുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് 9 നിസാൻ ഹട്ടുകളാണ് അമ്പലവയൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നത്. സംരക്ഷണമില്ലാതെ മിക്കവയും നശിച്ചു.
ചൂടും തണുപ്പും മിതമായി അനുഭവപ്പെടുന്നവയാണ് നിസാൻഹട്ടുകളുടെ ഉൾഭാഗം. കല്ലുകൾ കൊണ്ടുള്ള കെട്ടിൽ അർധ വൃത്താകൃതിയിൽ കട്ടിയുള്ള ഷീറ്റുകൾ കൊണ്ടാണ് നിസാൻഹട്ടുകൾ നിർമിച്ചിരിക്കുന്നത്. ബ്രിട്ടിഷ് കാലത്ത് അവരുടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതാണ് ഇവ. അവശേഷിക്കുന്നതു രണ്ടെണ്ണം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് അമ്പലവയലിലെ ആശുപത്രിയായും പിന്നീട് അങ്കണവാടിയുമെല്ലാമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഏറെക്കാലമായി ഉപയോഗിക്കാതെ സംരക്ഷണമില്ലാതെ കിടക്കുകയാണ്.
തിരിഞ്ഞ് നോക്കാതെ വകുപ്പ്
പുരാവസ്തു വകുപ്പ് വർഷങ്ങൾക്ക് മുൻപ് നിസാൻ ഹട്ടുകൾ ഹെറിറ്റേജ് മ്യൂസിയത്തോട് ചേർന്ന് സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. പലപ്പോഴായി ഇവയെ സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യവും വെറുതെയായി. ഹട്ടുകളുടെ ഷീറ്റുകളെല്ലാം ദ്രവിച്ച അസ്ഥയിലാണ്. പലയിടങ്ങളും അടർന്നു വീണു പോകുകയും ചെയ്തു. ജനലുകളും വാതിലുകളുമെല്ലാം നശിച്ചിട്ടുണ്ട്. ഉൾഭാഗത്ത് നിറയെ കാടുകൾ കയറാനും തുടങ്ങി. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഹട്ടുകൾ പലരും മറയാക്കുന്നതിനാൽ പുരാവസ്തു വകുപ്പിന്റെ ഇടപെടലുകൾ ആവശ്യമാണെന്നും മ്യൂസിയത്തിന്റെ ഭാഗമാക്കി ഇവ സംരക്ഷിക്കണമെന്നാണ് ആവശ്യം.