കൊട്ടത്തോണി മറിഞ്ഞു കാണാതായ യുവതിക്കായുള്ള തിരച്ചിൽ വിഫലം
Mail This Article
മീനങ്ങാടി ∙ കാരാപ്പുഴ ഡാം റിസർവോയറിൽ കൊട്ടത്തോണി മറിഞ്ഞു കാണാതായ വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിക്കായുള്ള (38) തിരച്ചിൽ രണ്ടാം ദിനവും വിഫലമായി. ഞായർ വൈകിട്ടു മൂന്നോടെയാണു റിസർവോയറിലെ ഏഴാംചിറ ചീപ്രം ഭാഗത്തു വച്ചു കൊട്ടത്തോണി മറിഞ്ഞത്. ഇന്നലെ രാവിലെ എട്ടരയോടെ കൽപറ്റ, ബത്തേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സ്കൂബ ഡൈവിങ് ടീമിന്റെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു. മീനങ്ങാടി പൊലീസും ട്രൈബൽ വകുപ്പ് അധികൃതരും തിരച്ചിലിനു മേൽനോട്ടം വഹിച്ചു.
വൈകിട്ടോടെ തുർക്കി ജീവൻ രക്ഷാസമിതിയും തിരച്ചിലിനെത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് ബാലനൊപ്പം കൊട്ടത്തോണിയിൽ വിറക് ശേഖരിക്കാനായി പോകവേയാണ് അബദ്ധത്തിൽ കൊട്ടത്തോണി മറിഞ്ഞത്. കൊട്ടത്തോണിയുടെ പിൻഭാഗത്തിരുന്ന മീനാക്ഷി വെള്ളത്തിലേക്കു വീണയുടൻ തുഴയിട്ടു കൊടുത്തു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴ്ന്നെന്നാണു ബാലൻ പറയുന്നത്. നീന്തിക്കയറിയ ബാലൻ തിരികെയെത്തി കോളനിയിൽ വിവരമറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.