ADVERTISEMENT

ബത്തേരി∙ നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടു മാസമായി ഭീതി പടർത്തുന്ന കടുവയെ 2 ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അമ്പുകുത്തി വന്യജീവി പ്രതിരോധ ആക്‌ഷൻ കമ്മിറ്റി യോഗം അറിയിച്ചു.അമ്പുകുത്തി 19, ഗോവിന്ദമൂല, റാട്ടക്കുണ്ട്, പാടിപറമ്പ്, മാളിക, തെക്കൻകൊല്ലി വെള്ളച്ചാട്ടം, എടയ്ക്കൽ, പൊൻമുടിക്കോട്ട എന്നിവിടങ്ങളിൽ 2 മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം തെക്കൻകൊല്ലിയിലെ വീട്ടുവരാന്തയിൽ നിൽക്കുമ്പോൾ മുറ്റത്ത് കടുവയെത്തിയത് കണ്ട് ഭയന്നു വിറച്ച ഒൻപതാം ക്ലാസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിരികെ വീട്ടിലെത്തിച്ചെങ്കിലും ഇപ്പോഴും പേടിച്ചു കരയുന്ന സ്ഥിതിയിലാണുള്ളത്.

അതിനു ശേഷം രാത്രിയിൽ ബൈക്കിലെത്തിയ യുവാവിന്റെ മുൻപിലും കടുവയെത്തി. സ്കൂൾ വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പാൽ അളക്കുന്ന ക്ഷീര കർഷകർ, മദ്രസ വിദ്യാർഥികൾ എന്നിവർക്കൊന്നും തങ്ങളുടെ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ ഭയരഹിതമായി കഴിയാൻ പറ്റുന്നില്ല.റാട്ടക്കുണ്ട് ജോളി, അമ്പുകുത്തി ഷാജി അമാനു, മാളിക പള്ളിശേരി ലീല, തെക്കൻകൊല്ലിക്കുന്നേൽ മാത്യു, അമ്പുകുത്തി മനോഹരൻ തുടങ്ങി നിരവധി പേരുടെ ആടുകളെയും പഴുക്കളെയും കടുവ കൊന്നു കഴിഞ്ഞു. 

കാട്ടിൽ നിന്ന് നാട്ടിലെത്തിയ മറ്റൊരു കടുവ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചത്തതിന് അദ്ദേഹത്തിനെതിരെ ന്യായീകരിക്കാവുന്നതല്ല.ലോക്ഡൗണിന് സമാനമായ അവസ്ഥയാണ് പ്രദേശത്തുള്ളത്. കൂടു സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ കടുവയെ പിടികൂടുന്നതിന് വനംവകുപ്പ്ആത്മാർഥത കാട്ടുന്നില്ല. നാട്ടുകാരിലാരെങ്കിലും കടുവയുടെ ആക്രമണത്തിനിരയായാൽ പിന്നെ ആളുകളെ അടക്കി നിർത്താൻ കഴിയില്ലെന്ന് വനംവകുപ്പ് ഓർക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. കടുവയെ പിടികൂടി പ്രദേശവാസികളുടെയും വളർത്തുമൃഗങ്ങളുടെയും ജീവന് സംരക്ഷണമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ യു.കെ. പ്രേമൻ, കൺവീനർ കെ.കെ പൗലോസ്, പഞ്ചായത്ത് അംഗം യശോദ ബാലകൃഷ്ണൻ, അനുപ്രസാദ്. സി.എച്ച്. അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com