ആളെ കൊന്ന കടുവയ്ക്ക് പേരിട്ടു, അധീര; കെജിഎഫ് 2– ലെ ക്രൂരതയുടെ പ്രതിരൂപം; ബത്തേരിയെ വിറപ്പിച്ച ആനയ്ക്കും പേരായി
Mail This Article
കൽപറ്റ ∙ തമിഴ്നാട്ടിൽ നിന്നെത്തി ബത്തേരിയെ വിറപ്പിച്ച പിഎം 2നും പുതുശേരിയിൽ കർഷകനെ കൊന്ന കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. അതിർത്തി കടന്ന് കേരളത്തിലേക്കെത്തിയ മോഴയാനയായ പിഎം 2നെ രാജ എന്നു വിളിക്കും. കെജിഎഫ് 2 എന്ന സിനിമയിലെ ക്രൂരതയുടെ പ്രതിരൂപമായ വില്ലന്റെ പേരായ അധീര ആണ് കർഷകനെ കൊന്ന കടുവയ്ക്ക് നൽകിയത്.
വീട് തകർത്ത് അടുക്കളയിൽ കടന്ന് അരിയും സാധനങ്ങളും തിന്നുന്ന ശീലമുള്ള മോഴയെ അരശിരാജ എന്നാണു പന്തല്ലൂരുകാർ വിളിച്ചിരുന്നത്. വനംവകുപ്പ് ഔദ്യോഗിക രേഖകളിൽ അത് പിഎം 2 അഥവാ പന്തല്ലൂർ മഖ്ന – 2 എന്നായി. പിഎം 2നു ശേഷം ധോണിയിൽ നിന്നു പിടിച്ച പി ടി സെവന് ധോണി
എന്നു പേരിട്ടപ്പോഴുംപിഎം 2ന്റെ പേരിൽ തീരുമാനമായിരുന്നില്ല. ഉന്നതോദ്യോഗസ്ഥരുടെ നിർദേശം എത്തിയതോടെയാണ് രാജ എന്ന പേര് തിരഞ്ഞെടുത്തതെന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് പറഞ്ഞു. ബത്തേരിയിലെ അനിമൽ ഹോസ്പെയ്സ് ആൻഡ്
പാലിയേറ്റിവ്സെന്ററിലെഅഞ്ചാമത്തെ അന്തേവാസിയായാണ് പുതുശേരി കടുവ എത്തിയത്. ലക്ഷ്മി, കിച്ചു, രാജ, ഷേരു എന്നിവർക്കൊപ്പമാകും താമസം. ഭരത്, വിക്രം, സൂര്യ, സുരേന്ദ്രൻ, കുഞ്ചു, ഉണ്ണിക്കൃഷ്ണൻ, ചന്ദ്രനാഥ്, സുന്ദരി, അമ്മു, ചന്തു എന്നീ ആനകളാണ് മുത്തങ്ങയിൽ രാജയ്ക്കൊപ്പം ഉണ്ടാകുക.