വയനാട് ഗവ. മെഡിക്കൽ കോളജിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധന
Mail This Article
മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിന്റെ അഫിലിയേഷൻ നടപടികളുടെ ഭാഗമായി ദേശീയ മെഡിക്കൽ കമ്മിഷൻ പരിശോധന നടത്തി. അസസ്മെന്റ് കോഓർഡിനേറ്റർ ഡോ.കൊടേശ്വരമ്മയുടെ നേതൃത്വത്തിലുള്ള 3 അംഗ സംഘമാണു മെഡിക്കൽ കോളജിലെത്തിയത്. ആദ്യമായാണ് ദേശീയ മെഡിക്കൽ കമ്മിഷൻ സംഘം പരിശോധനയ്ക്ക് എത്തുന്നത്.
ഇൗ സംഘത്തിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും മെഡിക്കൽ കോളജിന്റെ അംഗീകാരം സംബന്ധിച്ച അന്തിമ തീരുമാനം. ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് നാഷനൽ മെഡിക്കൽ കമ്മിഷന് അംഗീകാരത്തിന് അപേക്ഷ നൽകിയത്. 2024ൽ മെഡിക്കൽ വിദ്യാർഥികളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വയനാട് മെഡിക്കൽ കോളജിലെ പ്രവർത്തനം കണ്ടു മനസ്സിലാക്കിയ സംഘം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക്ക്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരുമായി സംസാരിച്ചു. ഓഫിസ്, വാർഡ്, ഓപ്പറേഷൻ തിയറ്റർ, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. പരിശോധന വൈകിട്ട് വരെ നീണ്ടു.
സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളജ് ഡിപാർട്മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിനിലെ പ്രഫ. ഡോ.കൊടേശ്വരമ്മ കോഓർഡിനേറ്ററുംബെംഗളൂരു ഇഎസ്ഐസി മെഡിക്കൽ കോളജ് ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് മെഡിസിനിലെ പ്രഫ. ഡോ.വി.വിജയനാഥ്, ബെംഗളൂരു സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപീഡിക്സ് വിഭാഗത്തിലെ പ്രഫ. ഡോ. പി. അവിനാഷ് എന്നിവർ അംഗങ്ങളുമായ സംഘമാണു പരിശോധന നടത്തിയത്.