നീർവാരം കല്ലുവയൽ പദ്ധതി: പ്രതീക്ഷയോടെ കർഷകർ
Mail This Article
പനമരം∙ 2016 ൽ 3.25 കോടി രൂപ അനുവദിച്ച് പ്രവൃത്തി തുടങ്ങി, പാതിവഴിയിൽ നിലച്ച നിർവാരം കല്ലുവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നും വെള്ളമെത്തുന്നതും കാത്ത് പഞ്ചായത്തിലെ നീർവാരം, കല്ലുവയൽ പ്രദേശത്തെ കർഷകർ. കഴിഞ്ഞദിവസം വാകയാട് ജലസേചന പദ്ധതി ഉദ്ഘാടന വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ മുടങ്ങി കിടക്കുന്ന നീർവാരം കല്ലുവയൽ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളു മെന്നും,
പദ്ധതി ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും അറിയിച്ചതാണ് കർഷകർക്ക് പ്രതീക്ഷയായത്. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട പണിയാണ് 7 വർഷം കഴിഞ്ഞും പൂർത്തിയാകാതെ കാടുകയറി നശിക്കുന്നത്.
പദ്ധതിക്കായി കബനി പുഴക്കരയിൽ കെട്ടിടവും അടുത്ത കുന്നിൽ ടാങ്കും 2 ഭാഗത്തേക്കുള്ള കനാലും ഇലക്ട്രിക്കൽ വർക്കുകളും തീർത്ത് 100 എച്ച്പിയുടെ 3 മോട്ടറുകൾ എത്തിച്ചിരുന്നു. വൈദ്യുതി വകുപ്പും പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗവും ട്രാൻസ്ഫോമർ അടക്കമുള്ളവ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാറുകാരന്റെ പിടിപ്പുകേടു മൂലം പണികൾ നിലച്ചു.
ഇപ്പോൾ ട്രാൻസ്ഫോമർ അടക്കം കാടുമൂടുകയും പമ്പ്ഹൗസിനു അകത്ത് ഇറക്കിവച്ച മോട്ടറുകൾ തുരുമ്പ് എടുത്ത് നശിച്ച അവസ്ഥയിലാണ്. പദ്ധതി പൂർത്തീകരിച്ചാൽ പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ കല്ലുവയൽ, മണിക്കോട്, മുക്രമൂല മണൽക്കടവ് പാടശേഖരങ്ങളിലെ 300 ഏക്കർ പാടത്ത് കൃഷിയിറക്കാനും പ്രദേശത്തെ 650 കുടുംബങ്ങളിലെ ജലക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനും കഴിയും.