കത്തിയമർന്ന് കുറുമ്പാലക്കോട്ട മല; കൃഷിയിടങ്ങളും നശിച്ചു
Mail This Article
പനമരം∙ കുറുമ്പാലക്കോട്ട മലയിൽ വീണ്ടും തീപിടിത്തം. ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിനു പുൽമേടുകളും കൃഷി സ്ഥലങ്ങളും കത്തിനശിച്ചു. 3 ആഴ്ചകൾക്കകം 3-ാം തവണയാണ് കോട്ടത്തറ പഞ്ചായത്തിൽ പെടുന്ന കുറുമ്പാലക്കോട്ട മല അഗ്നിക്കിരയാകുന്നത്. കളളാംതോടിന് സമീപം കുറുമ്പാലക്കോട്ട മലമുകളിൽ നിന്ന് പടർന്നുപിടിച്ച തീ മലയടിവാരത്തെ കർഷകരായ മാമ്പള്ളി ജോബി, മച്ചിങ്ങൽ പ്രീതൻ, വല്ലാട്ട് സന്തോഷ്, കൊച്ചുപുരയ്ക്കൽ ഷിബു, പുല്ലന്താനിക്കൽ ബിനോയി, താഴത്ത് സിബി തുടങ്ങിയവരുടെ കൃഷിയിടങ്ങളിലേക്ക് പടർന്നു കാപ്പി, കമുക്, കുരുമുളക് അടക്കമുള്ള കൃഷി നശിച്ചു.
ഇന്നലെ രാവിലെ 8 ന് കുറുമ്പാലക്കോട്ട മലയുടെ ഏറ്റവും മുകൾ ഭാഗത്തെ മൊട്ടക്കുന്നുകളിൽ നിന്ന് പടർന്ന തീ ഉച്ചയോടെയാണ് കൃഷിയിടങ്ങളിലേക്ക് പടർന്നത്. ഇന്നലെ മാത്രം ഉണ്ടായ തീപിടിത്തത്തിൽ കൃഷിയിടവും റവന്യു ഭൂമിയും അടക്കം 15 ഏക്കറോളം കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് രാവിലെ തന്നെ കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും പൾസ് എമർജൻസി വെണ്ണിയോട് യൂണിറ്റ് പ്രവർത്തകരും, ഓട്ടോ ഡ്രൈവേഴ്സും, കോട്ടത്തറ പഞ്ചായത്തംഗം ഇ.കെ. വസന്തയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് 6 മണിക്കൂർ കൊണ്ടാണ് തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടഞ്ഞത്.
തീപിടിത്തമുണ്ടാകുന്ന മലമുകളിലേക്ക് അഗ്നിരക്ഷാസേനയുടെ യൂണിറ്റിന് എത്തിപ്പെടാൻ സാധിക്കാത്തതും കാറ്റുമാണു വളരെ വേഗം മറ്റിടങ്ങളിലേക്ക് തീ പടരാൻ കാരണം. ഫയർ ബീറ്ററും മരച്ചില്ലകളും ഉപയോഗിച്ച് ഏറെ കഷ്ടപ്പെട്ടാണ് കുത്തനെയുള്ള മലമുകളിലെ തീ അണച്ചത്.ദിവസേന ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്ന പനമരം കോട്ടത്തറ പഞ്ചായത്തുകളിലായുള്ള കുറുമ്പാലക്കോട്ട മലയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തം ദുരുഹതക്കിടയാക്കുന്നു.