കുറുമ്പാലക്കോട്ട മലയിൽ തീപിടിത്തം മുറപോലെ
Mail This Article
പനമരം∙ കുറുമ്പാലക്കോട്ട മലയിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കണമെന്നു നാട്ടുകാർ. വേനൽ കനത്താൽ വർഷങ്ങളായി കുറുമ്പാലക്കോട്ട മലയിൽ തീപിടിത്തവും കർഷകരുടെ കൃഷിയടക്കം അഗ്നിക്കിരയാകുന്നതും പതിവാണ്. മുൻ വർഷങ്ങളിലേതു പോലെ ഇക്കുറിയും തീ പിടിത്തവും നാശനഷ്ടവും ഉണ്ടായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 3 തവണയാണ് മലയിൽ തീപിടിത്തമുണ്ടായത്.
ഏക്കറുകണക്കിനു പുൽമേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചതിനു പുറമേ മലയിൽ നിന്ന് വെള്ളമെടുത്തിരുന്ന പലരുടെയും പൈപ്പുകളും ചാരമായി. ദിനംപ്രതി ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്ന കുറുമ്പാലക്കോട്ട മലയുള്ളത് പനമരം കോട്ടത്തറ പഞ്ചായത്തുകളിലായാണ്. ഇതിൽ കോട്ടത്തറ പഞ്ചായത്തിൽപെട്ട പ്രദേശങ്ങളിലാണ് വർഷാവർഷം തീപിടിത്തം ഉണ്ടാകുന്നത്.
അഗ്നിരക്ഷാസേന യൂണിറ്റിന് എത്തിപ്പെടാൻ പറ്റാത്തയിടങ്ങളിലാണ് തീപിടിത്തം ഉണ്ടാകുന്നതെന്നതു ദുരൂഹതക്കിടയാക്കുന്നു. സഞ്ചാരികളായി എത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നോ അല്ലെങ്കിൽ ബോധപൂർവം ആരെങ്കിലും തീയിടുന്നതോ ആകാം തുടർച്ചയായി തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് മലമുകളിലുളളവർ പറയുന്നത്.
ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും മലമുകളിലെ കർഷകരുടെ കൃഷിയിടങ്ങൾക്കു ചുറ്റും ഫയർലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിനും വർഷങ്ങൾ പഴക്കമുണ്ടെങ്കിലും ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല കൃഷിയിടങ്ങളിലേക്ക് തീപടർന്നു പിടിക്കാതിരിക്കാനുള്ള ഒരു മുൻകരുതലും ഇതുവരെ സ്വീകരിച്ചിട്ടുമില്ല.