ADVERTISEMENT

കൽപറ്റ ∙ റമസാൻ–വിഷു സമയത്തും പ്രതീക്ഷയ്ക്കൊത്ത വില ലഭിക്കാതെ നേന്ത്രവാഴ കർഷകർ. മുൻവർഷങ്ങളിൽ ഈ സമയത്ത് നേന്ത്രക്കായ ക്വിന്റലിന് 3500 രൂപ മുതൽ 4000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ക്വിന്റലിന് 2500 രൂപ മാത്രമാണ്.
ഈ വില തന്നെ കഴിഞ്ഞ ദിവസങ്ങളിലാണു കൂടിയത്. കഴിഞ്ഞ ആഴ്ച വരെ 2000 രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2 മാസം മുൻപ് വരെ കർണാടകയിലെ കൃഷിയിടങ്ങളിൽ നിന്നാണു കൂടുതലായും വയനാട്ടിലേക്കും ഇതര ജില്ലകളിലേക്കും പഴത്തിനും മറ്റ് ആവശ്യങ്ങൾക്കും നേന്ത്രക്കായ എത്തിയിരുന്നത്.

ഇപ്പോൾ‌ കർണാടകയിൽ നിന്ന് എത്തുന്നുണ്ടെങ്കിലും ജില്ലയിലും ആവശ്യത്തിന് നേന്ത്രക്കായ വിളവെടുപ്പ് നടക്കുന്നുണ്ട്. ആവശ്യകത കുറഞ്ഞതാണ് വില ഉയരാത്തതിനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും കാര്യമായി കയറ്റുമതി നടക്കുന്നില്ല. ഹോട്ടലുകൾ പലതും അടഞ്ഞുകിടക്കുന്നത് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും വീടുകളിലും മറ്റും നോമ്പുതുറ പലഹാരങ്ങൾക്കൊക്കെ നേന്ത്രപ്പഴം ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഉദ്ദേശിച്ച വില ലഭിക്കാത്തതിൽ കർഷകർ നിരാശയിലാണ്. വേനൽ മഴയ്ക്കൊപ്പമുണ്ടാകുന്ന കാറ്റ് ഇത്തവണ കുറഞ്ഞതിനാൽ കൃഷിനാശം കാര്യമായുണ്ടായില്ലെന്ന് ആശ്വാസമായെങ്കിലും വില വർധനയുണ്ടാകാത്തതാണു പ്രതിസന്ധി.

വയനാട് ഉൾപെടെയുള്ള ജില്ലകളിൽ ഇപ്പോൾ കൃഷി കുറവാണെങ്കിലും കേരളത്തിലെ വിപണി ലക്ഷ്യമിട്ടു മലയാളികൾ കർണാടകയിൽ വലിയ തോതിൽ നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ ഞാലിപ്പൂവൻ, റോബസ്റ്റ പോലുള്ള പഴത്തിനാണ് ആവശ്യക്കാർ ഏറെയെന്നതിനാൽ അവിടെ കൃഷി ചെയ്യുന്ന ഉൽപന്നത്തിനും വിപണി കേരളമാണ്. അടിക്കടി ഉയരുന്ന രാസവിള വിലയും കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു. ഒരു ചാക്ക് പൊട്ടാഷിനു മാത്രം 1800 രൂപയാണു വില. മറ്റു വളങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ക്വിന്റലിന് കുറഞ്ഞതു 3000 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ മുടക്കുമുതലെങ്കിലും ലഭിക്കുകയുള്ളൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com