കന്നാരംപുഴക്കരയിൽ പുതിയ തൂക്കുവേലി
Mail This Article
പുൽപള്ളി ∙ അതിർത്തി വനത്തിൽ നിന്നുള്ള വന്യമൃഗശല്യം പരിഹരിക്കാനുള്ള രണ്ടാംഘട്ട തൂക്കുവേലി നിർമാണം തുടങ്ങി. ചണ്ണോത്തുകൊല്ലി മുതൽ ചീയമ്പം വരെ 6 കിലോമീറ്ററിലാണു 40 ലക്ഷം രൂപ ചെലവിൽ കർണാടക മാതൃകയിൽ തൂക്കുവേലി നിർമിക്കുന്നത്. കർണാടക ബന്ദിപ്പൂർ കടുവ സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവയുടെ അതിരിലെ കന്നാരംപുഴക്കരയിലൂടെയാണു പുതിയ വേലി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണിത്. ആദ്യഘട്ടത്തിൽ 50 ലക്ഷം മുടക്കി കൊളവള്ളി മുതൽ മരക്കടവ് വരെയുള്ള ഭാഗത്ത് 11.04 കിലോമീറ്റർ തൂക്കുവേലി നിർമിച്ചിരുന്നു.
തുടക്കത്തിൽ ചില പോരായ്മകളുണ്ടായെങ്കിലും വേലി ഫലപ്രദമാണെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു. ഒരു വർഷത്തിനിടെ വല്ലപ്പോഴും മാത്രമാണ് കാട്ടാനശല്യമുണ്ടായത്. പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ നിർമിച്ച വേലി ഗുണകരമെന്നു കണ്ടതോടെ വയനാട്ടിൽ പലയിടത്തും തൂക്കുവേലി നിർമിക്കുന്നുണ്ട്. കർണാടകയിൽ കാട്ടാന ശല്യം പരിഹരിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നതു തൂക്കുവേലിയാണ്. ഇതേ മാതൃകയിലാണ് ഇവിടെയും വേലിനിർമിക്കുന്നത്. റെയിൽ വേലി, മതിൽ എന്നിവയ്ക്ക് ഭാരിച്ച ചെലവു വരുന്നതിനാൽ സൗരോർജ തൂക്കുവേലിയാണ് വനംവകുപ്പും ശുപാർശ ചെയ്യുന്നത്.
കൃത്യമായ പരിചരണത്തിലൂടെ ഈ വേലി ഗുണകരമാക്കാനാവും. ആന തട്ടിയിട്ടാൽ വേലിയിലെത്താത്ത വിധം സമീപത്തെ വൃക്ഷങ്ങൾ, കൃഷികൾ എന്നിവ വെട്ടിമാറ്റണമെന്നും വേലിയിലേക്ക് മരങ്ങൾ വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്നും വനംവകുപ്പ് നിർദ്ദേശിച്ചു. വർഷകാലത്ത് പുഴ, തോട് എന്നിവ കരകവിയുന്നതു കണക്കിലെടുത്ത് വേലി അകറ്റി നിർമിക്കണം. മണ്ണിടിച്ചിലുള്ള സ്ഥലങ്ങളും നീരൊഴുക്കുള്ള ചാലുകളും ഒഴിവാക്കി തൂക്കുവേലിയുടെ കാലുകൾ കോൺക്രീറ്റ് ചെയ്തുറപ്പിക്കാനും തീരുമാനിച്ചു.
വേലി നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ജെസി സെബാസ്റ്റ്യൻ, ഷൈജു പഞ്ഞിത്തോപ്പിൽ, റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ്, ഫോറസ്റ്റർ കെ.യു.മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം പരിശോധിച്ചത്. തൂക്കുവേലി സംരക്ഷിക്കാൻ അതിർത്തി പ്രദേശത്തെ കർഷകരും താമസക്കാരും ശ്രദ്ധ ചെലുത്തണമെന്നും സംഘം നിർദ്ദേശിച്ചു. തൂക്കുവേലി നിർമാണത്തിന്റെ ഉദ്ഘാടനം 29ന് 10ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.