ADVERTISEMENT

പനമരം ∙ വേനൽമഴയിൽ കൃഷിയിടങ്ങൾ പച്ചപ്പണിഞ്ഞതോടെ വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളിൽ മാൻ, മയിൽ എന്നിവയുടെ ശല്യം രൂക്ഷമായി. കാട്ടുപന്നികൾക്കും കാട്ടാനയ്ക്കും പുറമേ മാനും മയിലുകളും കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുകയാണിപ്പോൾ. കൃഷിയിടത്തിലെത്തുന്ന മാൻകൂട്ടങ്ങൾ കുരുമുളക് വള്ളിയുടെ തളിരിലകളും, വാഴകളും പച്ചക്കറികളടക്കം നശിപ്പിക്കുന്നതിനു പുറമേ മരങ്ങളുടെ തൊലി പോലും തിന്നു തീർക്കുന്നു.

നെയ്ക്കുപ്പ വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ ഇറങ്ങിയ മാൻ കൂട്ടം.

കൂട്ടമായെത്തുന്ന മാനുകൾ വളർന്നു വരുന്ന പുൽനാമ്പുകൾ കാർന്നു തിന്നുന്നതിനാൽ വളർത്തുമൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായി. വളർത്തുമൃഗങ്ങളെ വനത്തിൽ കയറ്റാൻ പറ്റില്ലെന്ന് വനംവകുപ്പ് പറയുന്നതിനിടയിലാണു കൃഷിയിടത്തിൽ വളർത്തു മൃഗങ്ങൾക്കായി നട്ടുപിടിപ്പിക്കുന്ന പുല്ലു പോലും വന്യമൃഗങ്ങൾ ഇറങ്ങി തിന്നുതീർക്കുന്നത്.  പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നു പുലർച്ചെ കൂട്ടമായി ഇറങ്ങുന്ന മാനുകൾ നിമിഷനേരം കൊണ്ട് നെയ്ക്കുപ്പ പ്രദേശത്തെ കർഷകരുടെ പച്ചക്കറിക്കൃഷികൾ തിന്നുതീർക്കുന്നു. വളർത്തുനായ കുരച്ചു ചാടിയാലും ഇവ നിന്നിടത്തുനിന്ന് അനങ്ങാൻ കൂട്ടാക്കാറില്ല. ആളുകൾ ഇറങ്ങി വന്നാൽ മാത്രമേ ഇവ പോകാറുള്ളൂ.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഓരോ ദിവസവും വനാതിർത്തിയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചു വരികയുമാണ്. കാട്ടാന, കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ്, മലയണ്ണാൻ ഇവയ്ക്കെല്ലാം പുറമേ കടുവയും പുലിയും വരെ ജനവാസ കേന്ദ്രത്തിലിറങ്ങുകയും മനുഷ്യന്റെ ജീവനും സ്വത്തിനും വരെ ഭീഷണിയാകുകയും ചെയ്യുന്നത് നിത്യസംഭവമായി മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com