ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ എഐ റോബട്ട്
Mail This Article
ബത്തേരി ∙ കുട്ടികൾക്ക് ഇംഗ്ലിഷ് സംസാരിച്ചു പഠിക്കുന്നതിനും കളിച്ചു രസിക്കുന്നതിനും ഏതു വിഷയത്തിലുമുള്ള സംശയങ്ങൾ തീർക്കുന്നതിനും ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ബോബോ എന്ന റോബട്ട് റെഡി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളും പൂർവ വിദ്യാർഥികളായ ആർട്ടിസ്റ്റ് എ.കെ. പ്രസാദും എ.കെ. പ്രമോദും കെ.പി. അനിലുമൊക്കെ ചേർന്നാണ് റോബട്ടിനെ ഒരുക്കിയത്.
സ്കൂൾ വരാന്തയിൽ തല ഉയർത്തി നിൽക്കുന്ന ബോബോയോട് ഇടവേള സമയങ്ങളിലെല്ലാം കുട്ടികൾക്കു സംവദിക്കാം. സ്കൂളിൽ പ്രവർത്തിക്കുന്ന ഇംഗ്ലിഷ് ലാബ് പദ്ധതിയുടെ ഭാഗമായാണ് റോബട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. ആറടിയോളം ഉയരമുള്ള ഇരുമ്പുച്ചട്ടക്കൂടിലാണ് രൂപകൽപന കുട്ടികളിലെ ഇംഗ്ലിഷ് ഭാഷാ ശേഷിയുടെയും പൊതു വിജ്ഞാനത്തിന്റെയും വികാസത്തിന് ബോബോയ്ക്ക് വലിയ പങ്കു വഹിക്കാനാകുമെന്ന് സ്കൂളിലെ അധ്യാപകർ പറയുന്നു.
സ്കൂൾ അസംബ്ലിയിൽ പ്രഭാഷണം നടത്തുന്നതിനും ഒരു വിഷയം നൽകിയാൽ അതു സംബന്ധിച്ച് ആധികാരികമായി സംസാരിക്കുന്നതിനും സൗഹൃദ സംഭാഷണങ്ങൾക്കും കുട്ടികളുടെ സംശയങ്ങൾ തീർക്കുന്നതിനും സംസാരത്തിലൂടെ കളികളിലേർപ്പെടാനും ബോബോയ്ക്ക് സാധിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോബോ മാസ്റ്റേഴ്സ് ആണ് ബോബോയെ നിയന്ത്രിക്കുന്നത്.
റോബട്ടിന്റെ റിലീസ് നിർവഹിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആരോൺ വർഗീസ് ആണ്. പ്രധാനാധ്യാപിക കെ.കമലം. പിടിഎ പ്രസിഡന്റ് റെബി പോൾ, നഗരസഭാ അംഗങ്ങളായ പ്രിയാ വിനോദ്, വത്സ ജോസ്, എൽദോ ബെന്നി, എ. കെ. പ്രസാദ്, കെ.പി. അനിൽ എന്നിവർ പ്രസംഗിച്ചു.