ചേലക്കൊല്ലയിൽ നിന്ന് ആനസോണിലേക്ക്; കാട്ടാനക്കൂട്ടത്തെ വനപാലകർ കാടുകയറ്റി
Mail This Article
പുൽപള്ളി ∙ ഇരുളം വനാതിർത്തി ഗ്രാമങ്ങളിൽ കർഷകർക്കും കൃഷിക്കും ഭീഷണിയായ കാട്ടാനക്കൂട്ടത്തെ വനപാലകർ കാടുകയറ്റി. ഓർക്കടവ് മുതൽ ചേലക്കൊല്ലി വരെയുള്ള വനാതിർത്തിയിലാണ് ഒരുമാസമായി ആനശല്യം രൂക്ഷമായത്. ഒട്ടേറെപ്പേരുടെ കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാക്കുകയും ചെയ്തതോടെയാണു താപ്പാനകളുടെ സഹായത്തോടെ 5 അംഗ കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്കു കയറ്റിവിട്ടത്.
ഇന്നലെ ഉച്ചയോടെ കാട്ടാനകളെ ചേലക്കൊല്ലി 17 ഏക്കർ ഭാഗത്ത് കണ്ടെത്തി. ഒരാന ചേലക്കൊല്ലി എസ്റ്റേറ്റ് പരിസരത്തുണ്ടായിരുന്നു. ഉച്ചയോടെ താപ്പാനകളായ കുഞ്ചു, ഉണ്ണിക്കൃഷ്ണൻ എന്നിവയുടെ സഹായത്തോടെ 20 അംഗ വനപാലക സംഘവും കാടു കയറി. വൈകിട്ട് 3 കിലോമീറ്റർ പിന്നിട്ട് ആനക്കൂട്ടത്തെ വന്യജീവി സങ്കേതം അതിർത്തിയിൽ എത്തിച്ചു. ഒരേ സമയം നാടിന്റെ പലഭാഗത്തും ആനയിറങ്ങി വ്യാപക നാശമുണ്ടാക്കിയതോടെയാണു നടപടിക്ക് വനപാലകർ നിർബന്ധിതരായത്. പടക്കം പൊട്ടിച്ചു വിരട്ടാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.
ശല്യം അസഹ്യമായതോടെയാണ് താപ്പാനകളെ ഉപയോഗിച്ച് ആനക്കൂട്ടത്തെ കാടു കയറ്റാൻ തീരുമാനിച്ചത്. വന്യമൃഗ ശല്യത്തിനു പരിഹാരമാവശ്യപ്പെട്ട് വിവിധ സംഘടനകൾ വനം ഓഫിസിലേക്ക് സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ്, ഇരുളം ഡെപ്യുട്ടി റേഞ്ച് ഓഫിസർ കെ.പി.അനിൽ കുമാർ, ഫോറസ്റ്റർമാരായ പി.വി.സുന്ദരേശൻ, എം.സുന്ദരൻ, പി.എസ്.അജീഷ്, പി.പി.ശരത്, പി.ജെ. ജയേഷ്, മാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാടുകടത്തൽ ദൗത്യം പൂർത്തിയാക്കിയത്. ആനകൾ വീണ്ടും കാടിറങ്ങിയാൽ തുരത്താൻ താപ്പാനകളെ ഇവിടെ നിർത്തിയിട്ടുമുണ്ട്.