കർഷകരിൽ നിന്നു സംഭരിച്ച വിളകൾക്കു വില നൽകാതെ ഹോർട്ടികോർപ്
Mail This Article
ബത്തേരി ∙ കർഷകരിൽ നിന്നു സംഭരിച്ച വിളകൾക്കുള്ള വില നൽകാതെ ഹോർട്ടികോർപ്. കഴിഞ്ഞ ഓണക്കാലത്ത് കർഷകരിൽ നിന്നു സംഭരിച്ച ഇഞ്ചി, ചേന, വാഴക്കുല, തേങ്ങ എന്നിവയുടെ വിലയാണ് ഇനിയും നൽകാനുള്ളത്. 24 കർഷകർക്ക് 6.10 ലക്ഷം രൂപയാണു ലഭിക്കാനുള്ളത്. കഴിഞ്ഞ ജനുവരി മുതൽ മറ്റൊരു 11 ലക്ഷം രൂപ കൂടി കർഷകർക്കു നൽകാനുണ്ട്. പൊതു വിപണിയെക്കാൾ കിലോയ്ക്ക് ഒന്നോ രണ്ടോ രൂപ കൂടുതൽ കിട്ടുമെന്നു കരുതിയാണ് കർഷകർ ഉൽപന്നങ്ങൾ നൽകിയതെങ്കിലും ഒരു വർഷമായി പണം കിട്ടാത്തതിനാൽ വലിയ നഷ്ടമാണു കർഷകർക്കു നേരിട്ടത്. നൽകിയ ഉൽപന്നത്തിന്റെ വില കിട്ടാതായതോടെ വീടിന്റെ വായ്പാ തിരിച്ചടവു മുടങ്ങിയും മകളുടെ ഉന്നത പഠനത്തിന് പണം കണ്ടെത്താനാകാതെയും ബുദ്ധിമുട്ടുകയാണ് മൂലങ്കാവ് സ്വദേശി താന്നിയത്ത് മുരളീധരൻ. 6.5 ടൺ ഇഞ്ചിയാണ് മുരളീധരൻ കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 6 തവണ ബത്തേരി അമ്മായിപ്പാലത്തുള്ള ഹോർട്ടികോർപിന്റെ സംഭരണ കേന്ദ്രത്തിൽ നൽകിയത്.
4.5 ടൺ സ്വന്തം പേരിലും പാട്ടഭൂമിയിലെ കൃഷിയിൽ നിന്നു ലഭിച്ച 2 ടൺ ഇഞ്ചി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുമാണു നൽകിയത്. പൊതു മാർക്കറ്റിൽ കിലോയ്ക്ക് 23 രൂപ വിലയുള്ളപ്പോൾ 27 മുതൽ 30 രൂപ വരെ വിലയ്ക്കാണു ഹോർട്ടികോർപിനു നൽകിയത്.ഒരേക്കറിലെ കൃഷിക്ക് അന്ന് 2 ലക്ഷം രൂപ ചെലവായി. വില കുറവായതിനാൽ ലാഭം ഇല്ലെങ്കിലും മുടക്കുമുതലെങ്കിലും കിട്ടുമെന്നു കരുതിയാണ് ഹോർട്ടി കോർപ്പിൽ നൽകിയത്. എന്നാൽ, 920 കിലോയുടെ 26,800 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. അതും 3 മാസം മുൻപ്. സ്വന്തം പേരിൽ നൽകിയ ഇഞ്ചിയുടെ 1.08 ലക്ഷവും മറ്റുള്ളവരുടെ പേരിൽ നൽകിയ ഇഞ്ചിയുടെ 60,000 രൂപയും ഇനിയും കിട്ടാനുണ്ട്.
ഇഞ്ചിയുടെ വില കിട്ടാതായതോടെ വീടിന്റെ വായ്പ തിരിച്ചടവ് 7 തവണ മുടങ്ങി. അതോടെ ബാങ്കുകൾ മറ്റു വായ്പയും തരാതായി. മകളുടെ ഉന്നത പഠനത്തിനും ഇതു കാരണം വായ്പ ലഭ്യമാകുന്നില്ല. ഹോർട്ടികോർപിന്റെ ചതിക്കുകുഴിയിൽ വീണതാണ് എല്ലാറ്റിനും കാരണമെന്നു മുരളീധരൻ പറയുന്നു. അമ്മായിപ്പാലത്തുള്ള ഹോർട്ടികോർപിന്റെ ഓഫിസിൽ പല തവണ ചെന്നെങ്കിലും അടഞ്ഞു കിടക്കുകയാണെന്നും അവിടെ ആരെയും കാണാനില്ലെന്നും മുരളീധരൻ പറഞ്ഞു.
തുക വൈകാതെ നൽകാനാകുമെന്നു കരുതുന്നു: ഹോർട്ടികോർപ്
കഴിഞ്ഞ സെപ്റ്റംബറിൽ കർഷകർക്ക് നൽകാനുള്ള തുക വൈകാതെ ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നതെന്നു ഹോർട്ടികോർപ് ജില്ലാ മാനേജർ പറഞ്ഞു. കത്തുകളിലൂടെ നിരന്തരം ഈ വിവരം ഹെഡ് ഓഫിസിലേക്ക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ വരെയുള്ള തുക തീർത്തു നൽകിയപ്പോൾ 6 ലക്ഷം രൂപയുടെ കുറവ് വന്നതാണു പ്രശ്നമായത്. അടുത്ത ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ആദ്യം ഈ തുക നൽകുമെന്നും അദ്ദേഹം പറഞ്ഞു.