തടി നന്നാക്കാൻ ‘തടിമില്ല്’; സ്വന്തമായി ഒരു ട്രെഡ്മിൽ ഉണ്ടാക്കി രവീന്ദ്രൻ
Mail This Article
അമ്പലവയൽ ∙ മുഴുവൻ സമയവും ഇരുന്നു ജോലി, വ്യായാമത്തിനായി കുറച്ചു ദൂരം നടക്കാൻ സമയം കിട്ടാറുമില്ല..പിന്നെ ഒന്നും ആലോചിച്ചില്ല, സ്വന്തമായി ഒരു ട്രെഡ്മിൽ ഉണ്ടാക്കി രവീന്ദ്രൻ അതിലങ്ങു നടക്കാൻ തുടങ്ങി. മരത്തടിയിലെ ട്രെഡ്മില്ലിൽ കയറി നടക്കുകയോ ഓടുകയോ ചെയ്ത നാട്ടുകാരും ജിമ്മിൽ സ്ഥിരമായി ട്രെഡ്മിൽ ഉപയോഗിക്കുന്നവരും പറയുന്നു മരത്തിൽ തീർത്ത ട്രെഡ്മിൽ ‘സൂപ്പർ’ ആണെന്ന്.
30 വർഷമായി ഫർണിച്ചറുകൾ നിർമിക്കുന്നയാളാണ് വാകേരി ഇഞ്ചിക്കാലായിൽ ഇ.കെ രവീന്ദ്രൻ. തടിയിൽ പല വസ്തുക്കളും നിർമിക്കുന്നവരുണ്ടെങ്കിലും ട്രെഡ്മിൽ അധികം ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല. 4 ദിവസത്തെ അധ്വാനത്തിന് ഒടുവിൽ ഉഗ്രൻ ട്രെഡ്മിൽ റെഡി. നടന്നു നോക്കിയപ്പോഴും ഒാടി നോക്കിയപ്പോഴും സംഭവം കൊള്ളാം.
നാട്ടിലെ ചിലരെല്ലാം ട്രെഡ്മിൽ പരീക്ഷണം നടത്തിയപ്പോഴും സംഭവം ഉഷാർ. പലരും വിഡിയോ എടുക്കാനും എത്തി. ചിലർ സമൂഹ മാധ്യമങ്ങളിൽ ട്രെഡ്മില്ലിലെ രവീന്ദ്രന്റെ നടത്തം ഇട്ടതോടെ കണ്ടവർക്കെല്ലാം ബോധിച്ചു. നിർമിച്ച് നൽകുമോ വാങ്ങാൻ കിട്ടുമോ എന്ന വിളികളും പലയിടത്തുനിന്ന് എത്തിത്തുടങ്ങി.
2 ക്യൂബിക് തടിയാണ് ട്രെഡ്മില്ലിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. നടക്കുമ്പോഴും ഒാടുമ്പോഴും തടസങ്ങളില്ലാതെ കറങ്ങുന്നതിന് 60 ഫൈബർ വീലുകളും ഫിറ്റ് ചെയ്തതോടെ ട്രെഡ്മിൽ ‘ഓടാൻ’ തുടങ്ങി.
നടക്കുന്ന ഭാഗത്ത് നൂറോളം ചെറിയ പലകകളാണ് ഉപയോഗിച്ചിരിക്കുന്നത്. മരത്തിൽ നിർമിച്ചതിനാൽ ഇടയ്ക്കുള്ള അറ്റകുറ്റപ്പണി ആവശ്യവുമില്ല. സാധാരണ മരത്തിൽ നിർമിക്കുമ്പോൾ 13,000 രൂപയോളം ചെലവ് വരും.
English Summary: Ravindran made his own treadmill