അമേയയുടെ വീട് ജാലവിദ്യയല്ല; മുതുകാടിന്റെ സ്നേഹസമ്മാനം
Mail This Article
പുൽപള്ളി ∙വന്യമൃഗങ്ങളിറങ്ങുന്ന വനാതിർത്തിയിൽ പ്ലാസ്റ്റിക് മേഞ്ഞ കൂരയിൽ കഴിഞ്ഞ അമേയയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി. ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മജിഷ്യൻ ഗോപിനാഥ് മുതുകാട് മുൻകൈയെടുത്ത് നിർമിച്ച സ്വപ്ന വീടിന്റെ താക്കോൽ അമേയയും കുടുംബവും ഏറ്റുവാങ്ങി. ആനപ്പാറ മേഴ്സിഹോം തൊഴിൽ പരിശീലന കേന്ദ്രത്തിലെ അംഗമായ ഭിന്നശേഷിക്കാരിയായ 21വയസ്സുകാരിയാണ് മാടപ്പള്ളിക്കുന്നിലെ മണി–ജയന്തി ദമ്പതിമാരുടെ മൂത്തമകൾ അമേയ. 8 വയസ്സു മുതൽ മേഴ്സിഹോമിന്റെ സംരക്ഷണയിൽ കഴിയുന്ന അമേയ നല്ലൊരു കലാകാരിയുമാണ്.
2021 ൽ തിരുവനന്തപുരത്ത് ഡിഫറന്റ് ആർട്ട് സെന്റർ നടത്തിയ സഹയാത്ര പരിപാടിയിൽ പങ്കെടുത്ത അമേയയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മുതുകാട് വീട് നിർമിച്ചു നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇത്തരം സന്ദർഭങ്ങൾ മനസ്സിനു സന്തോഷം നൽകുന്നുണ്ടെങ്കിലും വീടും ശുചിമുറിയുമില്ലാത്തവരുടെ അവസ്ഥ വിഷമിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നാട് നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണിത്. ഉറപ്പുള്ള മേൽക്കൂരയും മറയുമില്ലാതെ ചോർന്നൊലിക്കുന്ന വീടുകൾ മാടപ്പള്ളിക്കുന്ന് കോളനിയിലും സമീപ ഗ്രാമങ്ങളിലുമുണ്ടെന്നത് പൊതുസമൂഹം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.ജോസ്, വാർഡ് അംഗം ജെസി സെബാസ്റ്റ്യൻ, വിജയ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.സി.ചിത്ര, ആനപ്പാറ മേഴ്സി ഹോം സുപ്പീരിയർ സിസ്റ്റർ സ്റ്റാർളി,പ്രിൻസിപ്പൽ സിസ്റ്റർ ലയ, റെജി ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.