ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
Mail This Article
മാനന്തവാടി ∙ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആദിവാസി യുവതി പെൺകുഞ്ഞിനു ജന്മം നൽകി. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് (27) ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണു സംഭവം. വീട്ടിൽ വച്ചു പ്രസവ വേദന അനുഭവപ്പെട്ട ബീനയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കാൻ തുടങ്ങിയിരുന്നു. വഴിയിൽ അപ്പപ്പാറ കവലയിൽ വച്ച് അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിലേക്ക് ഇവരെ മാറ്റിക്കയറ്റി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തു വച്ചായിരുന്നു പ്രസവം. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് ബെറിൻ ഗിൽബർട്ട് വാഹനത്തിൽ വച്ചു തന്നെ അടിയന്തര ശുശ്രൂഷ നൽകി. ആംബുലൻസ് ഡ്രൈവർ മുബഷീർ പനമരവും സാഹയത്തിനുണ്ടായിരുന്നു. ഉടൻ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. തുടർ നടപടികൾ പൂർത്തീകരിച്ച ശേഷം അമ്മയെയും കുഞ്ഞിനെയും അതേ ആംബുലൻസിൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.