പഞ്ചായത്ത് പദവി കാത്ത് നടവയൽ
Mail This Article
പനമരം ∙ നടവയൽ ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 3 പഞ്ചായത്തിലും 3 നിയമസഭ മണ്ഡലങ്ങളിലും 2 പൊലീസ് സ്റ്റേഷനുകളിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന നടവയലിന് സ്വന്തമായി ഒരു മേൽവിലാസം വേണമെന്ന ആവശ്യത്തിനു കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. എന്നാൽ, 1994ലും 2015ലും പഞ്ചായത്ത് പ്രഖ്യാപന നടന്നെങ്കിലും 2 തവണയും കോടതി ഉത്തരവിനെ തുടർന്നു നടപടികൾ സ്തംഭിച്ചു.
ജില്ലയിൽ ആദ്യത്തെ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും 3 പഞ്ചായത്തുകളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നതുമായ പ്രദേശവുമാണു നടവയൽ. ഇതുകൊണ്ടുതന്നെ ഒരു വികസന പ്രവർത്തനങ്ങളും നടവയലിൽ എത്തുന്നില്ല. പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതു നാൽക്കവലയായ നടവയൽ ടൗണിനു നടുവിലാണ്. ഒരു ടൗണിലെ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന വ്യാപാരികൾക്കടക്കം നിയമങ്ങൾ പലതാണ്. ഇത് കോവിഡ് വ്യാപന കാലത്തെ നിയന്ത്രണങ്ങളിൽ അനുഭവിച്ചവരാണു നടവയലുകാർ.
ടൗൺ 3 പഞ്ചായത്തിലായതിനാൽ തെരുവുനായ് ശല്യം പോലും നിയന്ത്രിക്കാൻ കഴിയില്ല. ഒരു പഞ്ചായത്തിൽ നിന്നു നായ പിടിത്തക്കാർ എത്തിയാൽ നായ അടുത്ത പഞ്ചായത്ത് പരിധിയിലേക്കു മാറുന്നതിനാൽ നടവയലിൽ നായ പിടിക്കാൻ വർഷങ്ങളായി ആരും എത്തിയിട്ടില്ല. ജനസംഖ്യ അനുപാതത്തിലും സാമ്പത്തികമായും ഒരു പഞ്ചായത്ത് രൂപീകരിക്കാൻ വേണ്ട എല്ലാ ഭൗതിക സാഹചര്യവും സ്കൂൾ, കോളജ്, വില്ലേജ്, ട്രഷറി, ആരാധനാലയങ്ങൾ, ആശുപത്രി, റോഡുകൾ, എന്നു വേണ്ട എല്ലാമുണ്ട് ഈ കാർഷിക മേഖലയിൽ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ടൗണിൽ എത്തിയ സ്ഥാനാർഥികളിൽ പലരും നടവയൽ പഞ്ചായത്ത് യാഥാർഥ്യമാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്ത് പ്രഖ്യാപനം ഉണ്ടാകുമ്പോൾ നടവയൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ജനത.