ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു
Mail This Article
പുൽപള്ളി ∙വയനാട്ടിൽ മഴ ശക്തമായതോടെ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ 82 ശതമാനം വെള്ളമായതോടെ ഇന്നലെ രാവിലെ 4 ഷട്ടറുകളും തുറന്നു. സാധാരണ ജൂണിൽ കാലവർഷം ശക്തമാകുന്നതോടെ നിറയുന്ന അണക്കെട്ട് ഇത്തവണ നിറയാനും തുറന്നുവിടാനും വൈകി.19.5 ടിഎംസി സംഭരണശേഷിയുള്ള അണക്കെട്ടിലേക്ക് ഇന്നലെ 2,749 ക്യൂസെസ് ജലം ഒഴുകിയെത്തി.
കാവേരിയിലേക്കും ഇടതു–വലതുകര കനാലുകളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളം കൃഷിയിടങ്ങളിലും ചിറകളിലും സംഭരിക്കും. വേനൽമഴ ദുർബലമാവുകയും കാലവർഷം വൈകുകയും ചെയ്തത് കാവേരി തടത്തിൽ കൃഷിമേഖലയ്ക്കു തിരിച്ചടിയായി. പച്ചക്കറി, ധാന്യക്കൃഷി എന്നിവയുടെ ഉൽപാദനം കുറയുകയും വിളനാശമുണ്ടാവുകയും ചെയ്തു. വടക്കേ വയനാട്ടിൽ മഴ ശക്തമായപ്പോൾ തെക്കേ വയനാട്ടിൽ താരതമ്യേന കുറഞ്ഞു. ഞായറാഴ്ച ബാണാസുര സാഗർ, കുഞ്ഞോം, പേരിയ പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിനു മുകളിൽ മഴ പെയ്തപ്പോൾ തെക്കേ വയനാട് അതിർത്തിയായ കൊളവള്ളിയിൽ ലഭിച്ചത് 20 മില്ലിമീറ്റർ മാത്രവും.
ബീച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെ കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കഴിഞ്ഞ ദിവസം മുതൽ തോടുകൾ കവിഞ്ഞൊഴുകാൻ തുടങ്ങി. ഈ സീസണിൽ കബനിയിൽ ഏറ്റവും കൂടുതൽ വെള്ളമൊഴുകിയത് ഇന്നലെയാണ്. പുഴയോരത്തെ വയലുകളിലേക്കും ചാലുകളിലേക്കും വെള്ളംകയറി.