ADVERTISEMENT

പുൽപള്ളി ∙ കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന കബനിയുടെ കരയിൽ മീൻപിടിത്തക്കാരുടെ നീണ്ടനിര. സംസ്ഥാനാതിർത്തിയായ കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെയുള്ള ഭാഗങ്ങളിൽ തമ്പടിച്ചാണു മീൻപിടിത്തം. പലതരം വലകളും ചൂണ്ടകളുമുപയോഗിച്ചു ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവരും മീൻ തേടുന്നു. രണ്ടാഴ്ച മുൻപു പുഴ നിറഞ്ഞപ്പോഴും കരയിൽ ചാകരയായിരുന്നു. എന്നാൽ പെട്ടെന്നു മഴ നിന്നതോടെ ജലനിരപ്പു കുറയുകയും മത്സ്യപ്രവാഹം നിലയ്ക്കുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമാതോടെ വീണ്ടും മത്സ്യത്തിന്റെ വേലിയേറ്റമായി. കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക സർക്കാർ മത്സ്യകൃഷി നടത്തുന്നുണ്ട്. ഇതിലേക്ക് വലിയ ഒഴുക്കെത്തുമ്പോൾ അതിലൂടെ മത്സ്യങ്ങൾ കൂട്ടത്തോടെ മുകൾ ഭാഗത്തേക്കു നീങ്ങും. ഈ വരവിലാണ് അതിർത്തിയിൽ ചാകരയുണ്ടാവുന്നത്.

അണക്കെട്ടിൽ വളർത്തുന്ന ചെമ്പല്ലി, രോഹു, കട്‌ല, തിലാപ്പിയ, മുഷി എന്നീ ഇനം മീനുകളാണ് വലയിലും ചൂണ്ടയിലും കുരുങ്ങുന്നത്. പനമരം, അഞ്ചുകുന്ന്, കമ്പളക്കാട് ഭാഗങ്ങളിൽ നിന്നു മീൻപിടിക്കാൻ സംഘമായെത്തുന്നവർ പുഴയോരങ്ങളിൽ ടെന്റടിച്ച് ഭക്ഷണമുണ്ടാക്കി ഏതാനും ദിവസങ്ങൾ ഇവിടെ കഴിഞ്ഞുകൂടും. പത്തും ഇരുപതും ചൂണ്ടകൾ സ്ഥാപിച്ചു രാപകൽ കാത്തിരിക്കുന്ന നിരവധി സംഘങ്ങൾ വേറെയും.

പാടങ്ങളിലും പുഴയോരങ്ങളിലും വെള്ളം കയറിയ സ്ഥലത്ത് മീൻ വെട്ടിപ്പിടിക്കുന്നവരും കുത്തൊഴുക്കില്ലാത്ത ഭാഗത്ത് തണ്ടാടി വലകെട്ടി ചെറുമീനുകളെ തേടുന്നവരുമുണ്ട്. പുഴയോരത്തെ എല്ലു തുളയ്ക്കുന്ന തണുത്ത കാറ്റും മഴയും സഹിച്ചാണു യുവാക്കളും പ്രായമായവരും മീൻകൊയ്ത്തിനിറങ്ങുന്നത് .കൂടുതൽ മീൻ ലഭിക്കുന്നവർ ആവശ്യക്കാർക്ക് വിൽക്കുന്നു.

വലിയ മീനുകൾ കിലോയ്ക്ക് 200 രൂപ. പനമരം, നടവയൽ, പുൽപള്ളി, മുള്ളൻകൊല്ലി, കൊളവള്ളി അങ്ങാടികളിലേക്കും പുഴ മീനെത്തുന്നു. ട്രോളിങ് നിരോധനമുള്ളതിനാൽ കടൽ മത്സ്യ ലഭ്യത കുറയുകയും വില കത്തിക്കയറുകയും ചെയ്ത സാഹചര്യത്തിൽ പുഴമത്സ്യമാണ് ആശ്വാസം. ഒരു കിലോ മത്തിയുടെ വില 280 രൂപ വരെയായി ഉയർന്നു. ഈ വിലയ്ക്ക് ഇപ്പോൾ ഒന്നര കിലോ കോഴിയിറച്ചി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com