കായ കറുത്തു കൊഴിയുന്നു; കാപ്പിക്കർഷകർ ആശങ്കയിൽ
Mail This Article
നടവയൽ ∙ കായ പൊഴിച്ചിൽ രോഗം വ്യാപകമായതോടെ കാപ്പി കർഷകർ ദുരിതത്തിൽ. കാലവർഷത്തിൽ മുൻവർഷങ്ങളിലെ അത്ര മഴ ലഭിച്ചില്ലെങ്കിലും മഴയെത്തുടർന്നുള്ള കാപ്പിച്ചെടികളിലെ കായ പൊഴിച്ചിൽ ഇക്കുറിയും പലയിടങ്ങളിലും രൂക്ഷമാണ്. മഴയ്ക്കു ശേഷവും, ചെടികളുടെ ചുവട്ടിൽ വെളളം കെട്ടി നിൽക്കാത്ത സ്ഥലത്തെ കാപ്പിത്തോട്ടങ്ങളിൽ വരെ കായകളുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ കായകറുത്ത് പൊഴിയുന്ന അവസ്ഥയാണ്. പ്രതികൂല കാലാവസ്ഥയാണു കായ പൊഴിച്ചിലിന്റെ കാരണങ്ങളിലൊന്ന്. മഴ തുടർച്ചയായി പെയ്യുന്നത് കാപ്പിച്ചെടിയിൽ കുമിൾ രോഗം വർധിക്കാൻ കാരണമാകുന്നുവെന്നും പറയപ്പെടുന്നു. കുമിൾ രോഗമാണെങ്കിൽ ഇലകളും കായ്കളും വ്യാപകമായി പൊഴിയും.
പ്രതികൂല കാലാവസ്ഥ മൂലം റോബസ്റ്റ, അറബിക്ക ഇനങ്ങളിൽ കറുത്തഴുകൽ, ഞെട്ടുചീയൽ പോലുള്ള രോഗങ്ങൾ വർധിക്കുന്നതായും കണ്ടുവരുന്നുണ്ട്. കഴിഞ്ഞ 6 വർഷമായി ജില്ലയിലുണ്ടായ കാലവസ്ഥാവ്യതിയാനം കാപ്പിയുടെ വിളവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെടികളുടെ ചുവട്ടിൽ വെളളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പു വരുത്തുകയും ചെയ്താൽ കായ പൊഴിച്ചിൽ കുറയ്ക്കാൻ കഴിയുമെന്നു വിദഗ്ധര്‍ പറയുന്നു.