കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പതാക ഉയർത്തി
Mail This Article
കൽപറ്റ ∙ സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണകൾ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ വയനാടിനു വലിയ സംഭാവന നൽകാനായി. പഴശ്ശിരാജ ഉൾപ്പെടെയുള്ളവരുടെ പോരാട്ടങ്ങൾ എന്നും നമുക്ക് ആവേശം നൽകുന്നു.
നാടൻ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചതും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മിന്നുമണി ഇടംനേടിയതും വയനാടിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. പരേഡിൽ 30 പ്ലാറ്റൂണുകൾ അണിനിരന്നു. പൊലീസ്, എക്‌സൈസ്, വനം, സ്‌കൗട് ആൻഡ് ഗൈഡ്‌സ്, എസ്പിസി, എൻസിസി പ്ലാറ്റൂണുകൾ അണിനിരന്നു. കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം, കൽപറ്റ എസ്കെഎംജെ എച്ച്എസ്എസ്, മാനന്തവാടി ബിആർസി, കണിയാമ്പറ്റ ജിഎംആർഎസ് സ്‌കൂൾ വിദ്യാർഥികൾ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ചു.
പരേഡ് മാർച്ച് പാസ്റ്റിൽ സേനാ വിഭാഗത്തിൽ പൊലീസ് ഡിഎച്ച്ക്യൂ പ്ലാറ്റൂൺ ഒന്നാം സ്ഥാനവും എക്‌സൈസ് രണ്ടാം സ്ഥാനവും നേടി. എൻസിസി വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളജ് ഒന്നാം സ്ഥാനവും കൽപറ്റ എൻഎംഎസ്എം കോളജ് രണ്ടാം സ്ഥാനവും നേടി. എസ്പിസി വിഭാഗത്തിൽ കണിയാമ്പറ്റ ജിഎംആർഎസ് ഒന്നാം സ്ഥാനവും പിണങ്ങോട് ഡബ്ല്യയുഒഎച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിൽ ഡീപോൾ പബ്ലിക് സ്‌കൂളും കൽപറ്റ എൻഎസ്എസ് എച്ച്എസ്എസ്എസും സമ്മാനം നേടി. 2022 ലെ സായുധസേനാ പതാക ദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച് നൽകിയ ജോയിന്റ് റജിസ്ട്രാർ ഓഫിസ്, കോഓപ്പറേറ്റീവ് സൊസൈറ്റീസ് കൽപറ്റ, ഗവ. സർവജന ഹൈസ്‌കൂൾ ബത്തേരി എന്നിവയ്ക്കുള്ള ട്രോഫിയും വിതരണം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം കലക്ടർ രേണു രാജ് നിർവഹിച്ചു.
എംഎൽഎമാരായ ടി.സിദ്ദീഖ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ്, എഡിഎം എൻ.ഐ.ഷാജു, ജില്ലാ പൊലീസ് മേധാവി പഥം സിങ്, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മെഗാ തിരുവാതിര അരങ്ങേറി
കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ചു 300 പേർ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. ‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം’ സന്ദേശവുമായി യുവജനങ്ങളിൽ തിരഞ്ഞെടുപ്പ് അവബോധം വളർത്താനാണു മെഗാ തിരുവാതിര നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിൽ സ്‌കൂൾ കോളജ് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇലക്ടറൽ ലിറ്ററസി ക്ലബ്, ഇലക്ഷൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്വീപ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടമാണ് മെഗാ തിരുവാതിരയ്ക്കു നേതൃത്വം നൽകിയത്.