മൈസൂരു– ബെംഗളൂരു പുതിയ പാത തുറന്നത് അനുഗ്രഹമായി; വയനാട്ടിലേക്ക് സഞ്ചാരികൾ ഒഴുകുന്നു
Mail This Article
അമ്പലവയൽ ∙ ഒാഗസ്റ്റ് 12 മുതൽ 15 വരെയുള്ള 4 ദിവസങ്ങളിൽ വയനാട് കാണാനെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ. ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 43,757 പേർ സന്ദർശനം നടത്തി. 26 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ വരുമാനമായും ഡിടിപിസിക്ക് ലഭിച്ചു. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് പൂക്കോട് തടാകത്തിലാണ്. 18,716 പേരാണ് എത്തിയത്. വരുമാനമായി 12 ലക്ഷത്തിലേറെ ലഭിക്കുകയും ചെയ്തു. വനംവകുപ്പിന്റെ കീഴിലുള്ള പ്രധാന ട്രെക്കിങ് കേന്ദ്രമായ ചെമ്പ്ര പീക്കിൽ 2,269 പേർ സന്ദർശനം നടത്തി. വരുമാനമായി 4,76,720 രൂപയും ലഭിച്ചു. മഴയായതോടെ മൺസൂൺ കാലത്തെ ട്രെക്കിങ്ങിനും ആളുകളെത്തി. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിൽ ഇൗ കാലയളവിൽ 7,353 സന്ദർശകരാണെത്തിയത്.
സിപ് ലൈൻ അടക്കമുള്ള സൗകര്യമുള്ള കാരാപ്പുഴയിൽ പുതിയ റൈഡ് ഓണക്കാലത്ത് ആരംഭിക്കും. ജയന്റ് സ്വിങ് എന്ന പേരിലുള്ള റൈഡ് ഒരേ സമയം 3 പേർക്ക് കയറാവുന്നതാണ്. ഇതിന്റെ പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ കീഴിലുള്ള സൂചിപ്പാറ വെള്ളച്ചാട്ടം, കെഎസ്ഇബിയുടെ കീഴിലുള്ള ബാണാസുര സാഗർ ഡാം എന്നിവയുടെ കണക്കുകൾ കൂടിയെത്തുമ്പോൾ സഞ്ചാരികളുടെ എണ്ണവും വരുമാനവും ഇനിയും വർധിക്കും. ശനി, ഞായർ അവധി ദിവസങ്ങളും അതിനോട് ചേർന്ന സ്വാതന്ത്ര്യദിനവും അടുത്തടുത്ത ദിവസങ്ങളിലായി അവധിദിനങ്ങൾ ഒരുമിച്ചു കിട്ടിയതാണു വിനോദ സഞ്ചാരികൾ കൂടുതൽ ജില്ലയിലേക്ക് എത്താൻ ഇടയാക്കിയത്.
ഓണത്തിന് സഞ്ചാരികൾ ഒഴുകും
ഓണക്കാലത്തോടനുബന്ധിച്ച് സ്കൂളുകളിൽ പരീക്ഷ കഴിഞ്ഞ് അവധി ആരംഭിക്കുകയും ചെയ്താൽ ജില്ലയിലേക്ക് വിനോദ സഞ്ചാരികളെത്തുന്നതു വർധിക്കും. ഓണാവധി ആഘോഷിക്കാൻ ഇതിനകം റിസോർട്ടുകളും വില്ലകളുമെല്ലാം അഡ്വാൻസ് ബുക്കിങ് നടത്തിയവരും ഏറെയാണ്. പ്രധാന ഇടങ്ങളിലെല്ലാം ഇതിനകം ബുക്കിങ് പൂർത്തിയാക്കി കഴിഞ്ഞു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് അടക്കമുള്ള ഇടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് സഞ്ചാരികളെത്തുന്നത്. മൈസൂരു–ബെംഗളൂരു പുതിയ പാത തുറന്നതോടെ യാത്ര സമയം കുറഞ്ഞതും സഞ്ചാരികൾക്കു വേഗത്തിലെത്താൻ സാധിക്കുന്നതും ജില്ലയിലേക്കു കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
ഓഗസ്റ്റ് 12 മുതൽ 15 വരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികളും വരുമാനവും
കേന്ദ്രം സന്ദർശകരുടെ എണ്ണം വരുമാനം
- ചെമ്പ്ര പീക്ക് 2,269 4,76,720
- പൂക്കോട് തടാകം 18,716 12,04,160
- പഴശ്ശി ടൂറിസ്റ്റ് 972 37,800
- ഹെറിറ്റേജ് മ്യൂസിയം 788 22,540
- എടയ്ക്കൽ ഗുഹ 6,002 2,95,260
- കുറുവ ദ്വീപ് 3,293 1,76,270
- മാവിലാംതോട് പഴശ്ശിസ്മാരകം 460 12,655
- ചീങ്ങേരി അഡ്വഞ്ചർ ടൂറിസം 356 35,600
- കറലാട് തടാകം 3,479 6,35,010
- പ്രിയദർശിനി ടീ 20 14,000
- ബത്തേരി ടൗൺ സ്ക്വയർ 1,394 21,560
- കാന്തൻപാറ വെള്ളച്ചാട്ടം 8,277 3,22,870
- കാരാപ്പുഴ ഡാം 7,353 2,06,740
English Summary: Bangalore Mysore Expressway | Wayanad Tourism