കുരുക്ക് അഴിയാതെ താമരശേരി ചുരം റോഡ്; എവിടെ ബദൽ പാതകൾ? സമരപാതയിൽ നാട്ടുകാർ
Mail This Article
കൽപറ്റ ∙ പതിവുപോലെ ഇക്കുറിയും ഓണം അവധിദിനങ്ങളില്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണു താമരശ്ശേരി ചുരം. വിനോദസഞ്ചാര സീസണ്‍ കൂടി തുടങ്ങിയതോടെ ഇനിയങ്ങോട്ടും അവധിദിനങ്ങളില്‍ കുരുക്ക് രൂക്ഷമാകും. ജില്ലയിലെ ബഹുഭൂരിപക്ഷമാളുകള്‍ക്കും കോഴിക്കോട്ടേക്കും അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്കും എത്തുന്നതിനുള്ള ഏക മാര്‍ഗമായ താമരശ്ശേരി ചുരത്തിനു ബദല്‍പാതകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നു വിമര്‍ശനമുയരുന്നുണ്ട്.
ആഘോഷ വേളകളിലും അവധി ദിവസങ്ങളിലും ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. തിങ്കൾ മുതൽ വെള്ളി വരെ പകൽ മാത്രമാണ് വലിയ കുരുക്കില്ലാതെ ചുരം ഇറങ്ങാൻ കഴിയുന്നത്. ഇതിനിടെ ഏതെങ്കിലും വലിയ വാഹനം തകരാറിൽ ആയാൽ ഗതാഗതം മുടങ്ങും. നന്നാക്കാൻ സമയമെടുത്താൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീളും. വാഹനങ്ങളുടെ എണ്ണം കൂടിയതും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഭാരവാഹനങ്ങള്‍ ചുരത്തില്‍ കൂട്ടത്തോടെയെത്തുന്നതുമാണു കുരുക്കിനു പ്രധാന കാരണങ്ങളിലൊന്ന്.
ചുരം റോഡിന് വീതി കൂടിയിട്ടുണ്ടെങ്കിലും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്ങും കുരുക്കിനു കാരണമാകുന്നു. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കിടക്കുന്ന വണ്ടികള്‍ ഇന്ധനം തീര്‍ന്നു പെരുവഴിയിലാകുന്നതുമൂലവും കുരുക്കുണ്ടാകുന്നു. ഇത്തരം വണ്ടികളും കേടാകുന്ന മള്‍ട്ടി ആക്സില്‍ വാഹനങ്ങളുമെല്ലാം റോഡിൽനിന്ന് വേഗം നീക്കം ചെയ്യാൻ ലക്കിടിയിലും അടിവാരത്തും സ്ഥിരം ക്രെയിൻ സംവിധാനം ഏർപ്പെടുത്തുമെന്ന വാഗ്ദാനവും നടപ്പായില്ല.
ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട്–വയനാട് ജില്ലാ ഭരണകൂടങ്ങളുടെ സംയുക്ത യോഗത്തിലാണ് ക്രെയിൻ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, ഇതു നടപ്പായില്ലെന്നു മാത്രമല്ല, ഗതാഗതക്കുരുക്കഴിക്കാൻ വേണ്ടത്ര പൊലീസുകാരെ നിയോഗിക്കാൻ പോലും അധികൃതർക്കാകുന്നില്ല. വയനാട്ടിൽനിന്നു രോഗികളെയും കൊണ്ടു പോകുന്ന ആംബുലൻസുകളും കുരുക്കിൽപെടുന്നു.
കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local
ബദൽപാതകൾ വരുമോ
ചുരത്തിന് ഒന്നിലേറെ ബദൽ പാതകൾ നിർദേശമായും ചിലതെല്ലാം രേഖകളിലും ഇടംപിടിച്ചിരുന്നു. കോഴിക്കോട് ജില്ലയിലേക്ക് താമരശ്ശേരി ചുരവും കുറ്റ്യാടി വഴി പക്രംതളം ചുരവും കണ്ണൂർ ജില്ലയിലേക്ക് പേരിയ ചുരവും മലപ്പുറം ജില്ലയിലേക്ക് തമിഴ്നാട്ടിലെ പന്തല്ലൂർ വഴി നാടുകാണി ചുരവുമാണ് വയനാട്ടുകാർക്കും തിരിച്ച് വയനാട്ടിലേക്കും ബന്ധപ്പെടാനുളള പാതകൾ. 2018 ലെയും 2019ലെയും മഴക്കെടുതികളിൽ ചുരങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചപ്പോൾ 2 ദിവസത്തോളം വയനാട് ഒറ്റപ്പെട്ടിരുന്നു. കോവിഡിന് ശേഷം ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളതിനെക്കാൾ പ്രാദേശിക സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. ഇതുകാരണം ചുരത്തിൽ രാത്രി വരെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും ഗതാഗതക്കുരുക്ക് അർധരാത്രി വരെ നീളും. വയനാടിന് ഒരു ചുരം ബദൽ പാത അനുവദിക്കേണ്ട സമയം അതിക്രമിച്ചിട്ടും വർഷങ്ങൾ ഏറെയായി. ഏറ്റവും യോജ്യമായ ഒരു ബദൽപാത എന്ന ആവശ്യം നേടിയെടുക്കാൻ ജില്ലയിലെ ജനപ്രതിനിധികളും രാഷ്ര്‌ടീയ സാമൂഹിക സംഘടനകളും ഒത്തൊരുമിച്ച് രംഗത്തു വരണമെന്നാണ് വയനാട്ടുകാർ പറയുന്നത്.
പടിഞ്ഞാറത്തറ–പൂഴിത്തോട്–പെരുവണ്ണാമൂഴി, ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ, ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി, കുഞ്ഞോം–വിലങ്ങാട്, മേപ്പാടി–ചൂരൽമല–പോത്തുകല്ല്–നിലമ്പൂർ, ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത എന്നിവയാണ് ബദൽ പാത നിർദേശങ്ങൾ. ഇതിൽ ആനക്കാംപൊയിൽ–കള്ളാടി –തുരങ്കപ്പാതയ്ക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്.
ബദൽപാതകൾക്കായി സമരപാതയിൽ നാട്ടുകാർ
താമരശ്ശേരി ചുരത്തിന് ബദലായി 3 ബദൽ പാതകൾ ഏറ്റവും ഉചിതവും പ്രായോഗികവുമാണെന്ന് കണ്ടെത്തി വിവിധ കാലത്തെ സർക്കാരുകൾ നടപടി ക്രമങ്ങൾ ആരംഭിച്ചതാണ്. പടിഞ്ഞാറത്തറ–പൂഴിത്തോട്, മേപ്പാടി–ആനക്കാംപൊയിൽ, തളിപ്പുഴ–ചിപ്പിലിത്തോട് ബദൽപാതകളുടെയെല്ലാം പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുൻപ് ആരംഭിക്കുകയും ചെയ്തതാണ്. പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരം ബദൽ റോഡ് നിർമാണത്തിന് 1994ൽ ആണ് തുടക്കമിട്ടത്.
പിന്നീട് സാങ്കേതിക തടസ്സങ്ങളുടെ പേ രിൽ നിലച്ചു. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് ആരംഭിച്ച് പടിഞ്ഞാറത്തറയിൽ അവസാനിക്കുന്നതാണ്. പെരുവണ്ണാമുഴി ഡാം സൈറ്റിൽ നിന്ന് പൂഴിത്തോട് വരെ 9.400 കിലോമീറ്റർ പൊതുമരാമത്ത് റോഡ് നിലവിലുണ്ട്. ആകെ 27 കിലോമീറ്റർ റോഡിൽ 9 കിലോമീറ്ററോളം കോഴിക്കോട് ജില്ലയിലൂടെയും 18കിലോമീറ്റർ വയനാട് ജില്ലയിലൂടെയുമാണ് കടന്നുപോവുക.
ഇതിൽ 13 കിലോമീറ്ററോളം നിക്ഷിപ്‌ത വനഭൂമിയാണ്. ഏകദേശം 52 ഏക്കർ വനഭൂമിക്ക് പകരം അതിന്റെ ഇരട്ടി ഭൂമിയാണ് വനവൽക്കരണത്തിന് ആവശ്യപ്പെട്ടിരുന്നത്. വനം വകുപ്പിന് പകരം ഭൂമി കൊടുത്താൽ മാത്രമേ റോഡ് പണി ആരംഭിക്കാനാവൂ എന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ 13 ഏക്കറും വയനാട്ടിലെ തരിയോട്, പടിഞ്ഞാറത്തറ വില്ലേജുകളിൽ നിന്ന് അന്നത്തെ പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണ സമിതി വില നൽകി വാങ്ങിയും സൗജന്യമായും 50 ഏക്കർ ഭൂമിയും വനംവകുപ്പിന് കൈമാറിയിരുന്നു.
പിന്നീട് റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും 1994–95 വർഷത്തെ ബജറ്റിൽ പ്രവൃത്തികൾക്ക് ഒരു കോടി വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, വനംവകുപ്പിന്റെ എതിർപ്പ് കാരണം റോഡ് നിർമാണം തടസ്സപ്പെടുകയായിരുന്നു. അടുത്ത കാലത്ത് റോഡിനായി പടിഞ്ഞാറത്തറ കേന്ദ്രീകരിച്ച് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് സമര പാതയിലാണ് നാട്ടുകാർ.
English Summary: Thamarassery Churam Road Traffic Issue