ADVERTISEMENT

പുൽപള്ളി ∙ മീനചൂടിനെ വെല്ലുന്ന ചിങ്ങപ്പുലരിയിൽ അതിർത്തിയിലെ കൃഷിക്കു സർവനാശം. പുതുമഴയിൽ നട്ടുവച്ച കൃഷിയെല്ലാം കരിഞ്ഞുണങ്ങി. നടാനായി ഒരുക്കിയവയും വാടിയുണങ്ങി.ഇക്കൊല്ലം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി ഗ്രാമങ്ങൾ വേനലിനു മുൻപേ വരൾച്ചയിൽ തകർന്നടിയുന്നു. നെല്ലും പച്ചക്കറിയും കിഴങ്ങ്, നാണ്യ വിളകളെല്ലാം ഇവിടെ നശിക്കുന്നു. മരക്കടവ്, കബനിഗിരി, കൃഗന്നൂർ, കൊളവള്ളി എന്നിവിടങ്ങളിലാണ് മഴക്കുറവ് കാര്യമായ നാശം വിതച്ചത്. നിറഞ്ഞൊഴുകുന്ന കബനിപ്പുഴയുടെ കരയിലുള്ള ഗ്രാമങ്ങളാണ് കൊടും വേനലിൽ വെന്തുരുകുന്നത്. വെള്ളവും വൈദ്യുതിയും പദ്ധതികളെല്ലാമുണ്ടെങ്കിലും പാടത്ത് വെള്ളമെത്തുന്നില്ല. വേണ്ടതു ചെയ്തുകൊടുക്കാനും ആരുമില്ല. കൃഷിയെ നെഞ്ചോടു ചേർത്ത് രാപകൽ പാടത്തും പറമ്പിലും ജീവിക്കുന്ന പാവം കർഷകരാണിവിടെ. പറിച്ചുനടാൻ പാകിയ ഞാറും പാറപോലെ ഉറച്ച പാടവും മരക്കടവിലും കൃഗന്നൂരിലുമുണ്ട്. 

ചുവടുറയ്ക്കും മുൻപേ വാടിയുണങ്ങിയ നെൽചെടികളും വിണ്ടുകീറിയ പാടങ്ങളും കാർഷിക തകർച്ചയുടെ സാക്ഷ്യങ്ങളായി.ചാറൽ മഴയ്ക്കിടെ ഒരു ദിവസം മാത്രമാണ് ഈ പ്രദേശങ്ങളിൽ മണ്ണു തണുക്കെ മഴപെയ്തതെന്നു കർഷകർ പറയുന്നു. വടക്കേ വയനാട്ടിൽ 120 മില്ലീമീറ്റർ മഴ പെയ്തിറങ്ങിയ ദിവസം ഇവിടെ പെയ്തത്  10 എംഎം മാത്രം.കർണാടക കാലാവസ്ഥ ഇവിടേക്കു കയറിവരുന്നതിന്റെ സൂചനയാണിത്. വർഷാവർഷം മഴ കുറയുകയും വരൾച്ച ശക്തമായി പിടിമുറുക്കുകയും ചെയ്യുന്നു. മരുവൽക്കരണ ഭീതി നേരിടുന്ന ഇവിടെ ജലസേചനത്തിലൂടെ പച്ചപ്പ് നിലനിർത്തുക മാത്രമാണ് രക്ഷാമാർഗം. കബനിയിലെ വെള്ളം പാടത്തും പറമ്പിലുമെത്തിച്ചാൽ കൃഷി രക്ഷപ്പെടുത്താനും വരൾച്ചയൊഴിവാക്കാനും സാധിക്കും. കാവേരി ജലവിഹിതം ഉപയോഗപ്പെടുത്താൻ പല പദ്ധതികളും വിഭാവനം ചെയ്യുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കബനിക്കരയിലെ വരണ്ട പാടത്ത് വെള്ളമെത്തിക്കാനുള്ള നിർദേശമൊന്നുമില്ല.

കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൗഡ വിഭാഗക്കാരും കുടിയേറ്റക്കാരുമാണ് ഈ പ്രദേശത്തുള്ളത്. കൃഷിക്ക് വെള്ളം വേണമെന്ന ആവശ്യമാണ് നാട്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ മുന്നിൽ ഇവരാദ്യമുന്നയിക്കുന്നത്. എംഎൽഎയുടെ നേതൃത്വത്തിൽ പല പദ്ധതികളും ഇവിടേക്ക് വിഭാവനം ചെയ്തെങ്കിലും പാടത്ത് തുള്ളിവെള്ളമെത്തിയിട്ടില്ല. തകർന്നു കിടക്കുന്ന കൃഗന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരിക്കാൻ തയാറാക്കിയ പദ്ധതിയും ഫയലിലുറങ്ങുന്നു. മുൻ ജില്ലാ പഞ്ചായത്ത് പുഴയോരത്തുകൂടി വൈദ്യുത ലൈൻ സ്ഥാപിച്ചു. സ്വന്തമായി മോട്ടറും പൈപ്പും സ്ഥാപിക്കാൻ നിർവാഹമില്ലാത്തവരാണധികവും. പുഴയിൽ നിന്നു വെള്ളമെടുക്കാൻ മോട്ടറുകൾ നൽകി സഹായിച്ചാൽ കറുത്ത മണ്ണിൽ കനകം വിളയിക്കാൻ ഇവർക്കാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com