നാട്ടുകാർ വിവരം അറിഞ്ഞത് പുലർച്ചെ; നടുങ്ങി വെണ്ണിയോട്
Mail This Article
വെണ്ണിയോട് ∙ നാടിനെ നടക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണു വെണ്ണിയോട്ടുകാർ. ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന്, ഗർഭിണിയായ യുവതി 5 വയസ്സുകാരി മകളെയുമെടുത്ത് പുഴയിൽ ചാടി ജീവനൊടുക്കിയത് ജൂലൈ 13ന്. 2 മാസത്തിനിപ്പുറം പ്രദേശത്തു മറ്റൊരു യുവതിയെ കൊലപ്പെടുത്തി. ജൈന ക്ഷേത്രത്തിന് സമീപം കൊളവയൽ വീട്ടിൽ മുകേഷ് (34), ഭാര്യ അനിഷയെ (35) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണു പ്രാഥമിക വിവരം. ചൊവ്വ രാത്രി വൈകിയാണു കൊലപാതകം നടന്നത്. ഇന്നലെ പുലർച്ചെയോടെയാണു നാട്ടുകാർ വിവരം അറിഞ്ഞത്. പൊലീസ്, റവന്യു ഉദ്യോഗസ്ഥർ തുടർ നടപടിക്കായി എത്തിയപ്പോഴേക്കും നാട്ടുകാർ തടിച്ചുകൂടിയിരുന്നു.
കുടുംബവഴക്കിനൊടുവിൽ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് പിടിയിൽ
വെണ്ണിയോട് ∙ കുടുംബവഴക്കിനൊടുവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയൽ വീട്ടിൽ മുകേഷ് (34) ആണ് ഭാര്യ അനീഷ(35) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായത്. മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വ രാത്രി പത്തരയോടെയാണ് സംഭവം.
മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള മാതാവ് മാത്രമേ മുകേഷ് ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യത്തിനു ശേഷം മുകേഷ് തന്നെയാണ് പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. കമ്പളക്കാട് പൊലീസ് എത്തിയപ്പോൾ വീടിന്റെ സ്വീകരണ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചുണ്ടും ഉൾപ്പെടെ ശരീരഭാഗങ്ങൾ മർദനമേറ്റ രീതിയിൽ തകർന്നിട്ടുണ്ട്. .
പെയിന്റിങ് തൊഴിലാളിയായ മുകേഷും ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്യുന്ന അനീഷയും 2022 നവംബറിലാണു പ്രണയവിവാഹിതരായത്. പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം തുടരന്വേഷണം എസ്എംഎസ് ഡിവൈഎസ്പിക്കു കൈമാറും. നടവയൽ പുലച്ചിക്കുനി കോളനിയിലെ നീലകണ്ഠന്റെയും വൽസലയുടെയും മകളാണ് അനിഷ. സഹോദരങ്ങൾ: അനിത, അജയൻ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local