വീണത് ഒരു തണൽമരം; തകർന്നത് 10 വൈദ്യുതക്കാലുകൾ
Mail This Article
ഇരുളം ∙ മരിയനാട്– കോളേരി റൂട്ടിൽ മരിയനാട്ട് തണൽമരം കടപുഴകി 10 വൈദ്യുതക്കാലുകളും ലൈനും തകർന്നു. വനംവകുപ്പിന്റെ കാപ്പിത്തോട്ടത്തിനരികിലുണ്ടായിരുന്ന കൂറ്റൻ മരമാണ് കഴിഞ്ഞരാത്രി നിലംപൊത്തിയത്. ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകൾ ശ്രമിച്ചാണ് മരംമുറിച്ച് റോഡിലെ തടസ്സങ്ങൾ നീക്കിയത്. വൈദ്യുത ലൈൻ നന്നാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ റൂട്ടിൽ ഭീഷണിയായി ഇനിയും മരങ്ങളുണ്ട്.
കഴിഞ്ഞ വർഷം ഒരു മരം വീണ് 12 വൈദ്യുതക്കാലുകൾ തകർന്നു. വളർച്ച മുരടിച്ച് ചുവടു കേടായും ഉണങ്ങിയും നിൽക്കുന്ന മരങ്ങൾ പ്രദേശത്ത് ഭീണണിയുണ്ടാക്കുന്നു. മരിയനാട് തോട്ടം ഭൂരഹിതരായ ഗോത്ര വിഭാഗക്കാർ കയ്യേറി കുടിൽ കെട്ടിക്കഴിയുന്നു.പല കുടിലുകളും ഇത്തരം മരങ്ങളുടെ ചുവട്ടിലാണ്. മഴക്കാലത്ത് കൊമ്പുകൾ ഒടിഞ്ഞുവീണ് ചില കുടിലുകൾക്ക് നാശമുണ്ടായി.
മരിയനാട്ടും സമീപത്തെ എസ്റ്റേറ്റുകളിലും ചീയമ്പം കോളനി പരിസരത്തെ എല്ലാ പാതയോരങ്ങളിലും ഇത്തരം മരങ്ങളുണ്ട്. ഒരു കൊമ്പൊടിഞ്ഞാൽ പോലും വൈദ്യുത ലൈനുകൾ പൊട്ടിവീഴുന്നു. പാതയോരത്തും ജനവാസമേഖലയിലും ഭീഷണിയായ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടിയൊന്നും ഇനിയുമായില്ല. മരംവീഴുന്ന പാതകളിൽ ഗതാഗതം പുനഃസ്ഥാപിക്കാനും കാലതാമസമെടുക്കുന്നു. വനം, റവന്യു വകുപ്പുകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local