ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന 'സമഗ്ര' വിദ്യാഭ്യാസ പദ്ധതി ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേൻമയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയിൽ സൃഷ്ടിച്ചെടുക്കാൻ 'സമഗ്ര' പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സര ക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും   എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ലോഗോയും  ഡിഇഒ ശശീന്ദ്രവ്യാസ് പോസ്റ്ററും പ്രകാശനം ചെയ്തു. 

പൊതു വിഭാഗത്തിലെ പഠന പരിപോഷണ പരിപാടികൾ ഉൾപ്പെടുന്ന വിജ്ഞാൻ ജ്യോതി, ഗോത്ര വിഭാഗത്തിലെ പഠന പരിപോഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ഗോത്ര ദീപ്തി, ഓരോ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 കുട്ടികൾക്ക് ഓൺലൈനായും ഓഫ് ലൈനായും വിവിധ വിഷയങ്ങളിൽ പ്രതിഭ പരിപോഷണ പ്രവർത്തനങ്ങൾ നടത്തുന്ന ടാലന്റ് ഹണ്ട്, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഗോത്ര സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഗോത്ര ഫെസ്റ്റ്,

ജില്ലാ പഞ്ചായത്ത് വജ്ര ജൂബിലി കലാകാരൻമാരെ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഗീതം, നൃത്തം, മറ്റ് ക്ലാസിക് കലകളിൽ പരിശീലനം നൽകുന്ന കലാഗ്രാമം, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പഠന സഹായികൾ വിതരണം ചെയ്യുന്ന പദ്ധതിയായ അരികെ, ഹൈസ്‌കൂൾ കുട്ടികൾക്ക് പഠന സഹായികൾ വിതരണം ചെയ്യുന്ന പദ്ധതിയായ ഉയരെ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഗെയിമുകളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന വൺ സ്‌കൂൾ വൺ ഗെയിം, ലാബ് നവീകരണം, കംപ്യൂട്ടർ അനുബന്ധ സജ്ജീകരണം, എസ്​സി/എസ്ടി പ്രോത്സാഹന പരിപാടികൾ, എസ്പിസി പരിപാടികൾ എന്നിങ്ങനെ 12 പദ്ധതികൾ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് 'സമഗ്ര'. 

കരിയർ ഗൈഡൻസിനെ കുറിച്ചും കോഴ്സുകളെ കുറിച്ചും വിദ്യാർഥികളിൽ അറിവ് പകർന്നു കൊടുക്കുന്ന കരിയർ കാരവൻ, വിദ്യാർഥികളെ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയ്ക്ക് തയാറാക്കുന്ന പദ്ധതിയും  സമഗ്രയുടെ ഭാഗമായി നടത്തും.  ജോയിന്റ് പ്രോജക്ട് ഡയറക്ടർ പി.സി.മജീദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.സി.പ്രസാദ്, എ.എൻ.സുശീല, കെ.ബി.നസീമ, കെ. വിജയൻ, സിന്ധു ശ്രീധർ, ഡിഇഒ കെ.എസ്.ശരത്ചന്ദ്രൻ, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ വി.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, പി.വി.മൊയ്തു, പി.പി.തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com