ADVERTISEMENT

മാനന്തവാടി ∙ എരുമത്തെരുവ് സന്നിധി ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിൽ മിൽഹാസ് (22) എന്നിവരെയാണു മാനന്തവാടി എസ്ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോഡ്‌ജിലെ ജീവനക്കാരനായ തിരുനെല്ലി സ്വദേശി യു.കെ. രാജനാണു മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നു പ്രകോപിതരായ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് രാജന്റെ പരാതി. ലോഡ്‌ജിലെ സിസിടിവിയിൽ മർദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മൂക്കിനു സാരമായ പരുക്കേറ്റ രാജൻ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

muhammed

ആക്രമണ വിവരം അറിഞ്ഞ് ഉടൻ സ്ഥലത്ത് എത്തിയ ലോഡ്‌ജ് ഉടമ എം.പി. ഗോവിന്ദരാജ് പൊലീസിനെ ഫോണിൽ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ലോഡ്‌ജ് ജീവനക്കാരൻ തങ്ങളെ മർദിച്ചതായാണ് യുവാക്കൾ പരാതിപ്പെട്ടു. ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട ഇവരോട് മേൽവിലാസവും മറ്റും ശേഖരിച്ച ശേഷം ആശുപത്രിയിലേക്കു പോകാൻ പൊലീസ് നിർദേശിക്കുകയായിരുന്നു.

ധർമടം പൊലീസിന്റെയും തലശ്ശേരി പൊലീസിന്റെയും സഹായത്തോടെയാണ് മാനന്തവാടി പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ മാനന്തവാടിയിൽ എത്തിച്ച ഇവരെ സംഭവം നടന്ന ലോഡ്ജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൈ കൊണ്ട് മർദിച്ചെന്ന പരാതിയിൽ യുവാക്കൾക്ക് എതിരെ ആദ്യം കേസെടുത്തിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെയും പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

rajan
പരുക്കേറ്റ രാജൻ.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഇരുവരെയും റിമാൻഡ് ചെയ്തു.മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമിന്റെ മേൽനോട്ടത്തിൽ എഎസ്ഐ സി. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഡി. രാംസൺ, മനു അഗസ്റ്റിൻ, പി. ജാസിം എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. 

വധശ്രമത്തിന് കേസെടുക്കണം

മാനന്തവാടി ∙ ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.  ഇവർക്കെതിരെ വധശ്രമത്തിനു കേസെടുക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com